സമരകേരളം: ജലീലിനെതിരെ ഇരമ്പി പ്രതിഷേധം, തെരുവ് യുദ്ധം; വി. മുരളീധരനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും

  • Post category:news
  • Reading time:1 min read
You are currently viewing സമരകേരളം: ജലീലിനെതിരെ ഇരമ്പി പ്രതിഷേധം, തെരുവ് യുദ്ധം; വി. മുരളീധരനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും

മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തും സംസ്ഥാനത്തെമ്പാടും പ്രതിഷേധം ഏഴാം ദിവസവും തുടരുന്നു. മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിറ്റേന്ന് വീണ്ടും സംസ്ഥാനത്തെ തെരുവുകൾ യുദ്ധക്കളമായി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും എത്തിയപ്പോൾ, കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പ്രതിഷേധവുമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്ഐയും തെരുവിലിറങ്ങി.

സെക്രട്ടേറിയറ്റിലേക്ക് കർഷകമോർച്ച നടത്തിയ മാർച്ചിൽ രണ്ട് തവണ ജലപീരങ്കി പ്രയോഗമുണ്ടായി. കോട്ടയത്ത് കളക്ടറേറ്റിലേക്ക് കേരളാ കോൺഗ്രസ് പി .ജെ ജോസഫ് വിഭാഗം ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. പിന്നീടുണ്ടായ സംഘർഷത്തിൽ ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന് തലയ്ക്ക് പരിക്കേറ്റു.

അതേസമയം ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം -കോട്ടപ്പടി റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലേക്ക് ജലപീരങ്കിപ്രയോഗമുണ്ടായി, പിന്നാലെ ലാത്തിച്ചാർജും. യൂത്ത് ലീഗ് പ്രവർത്തകർ കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചു.

കെ. ടി ജലീലും എം. സി കമറുദ്ദീനും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസർകോട് കളക്‌ട്രേറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തി. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ പോലീസിനെ മറികടന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറിയതോടെ പോലീസ് രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചു. ജലീലിന്‍റെ രാജി ആവശ്യം ഉന്നയിച്ച് ഇടുക്കി നെടുംകണ്ടം സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച്‌ നടത്തി.

മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് ബി.ജെ.പിയും മാർച്ച് നടത്തി. പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്ഐയും ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങി.

0Shares