
മുള്ളേരിയ (കാസർകോട്): പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ (77) മരണപെട്ടു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുളിയാര്‍ പഞ്ചായത്തിലെ ബെള്ളിപ്പാടി സ്വദേശിയായ അബ്ദുല്ല മുസ്ലിയാര്‍ ആദൂരിലാണ് താമസം.
കേരള കര്‍ണ്ണാടകയിലെ മതപ്രഭാഷണ വേദികളിലെ പ്രധാനിയായിരുന്ന അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി ഉസ്‌താദ് എന്ന ചുരുക്കപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1971 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ബേര്‍ക്ക അബ്ദുല്ല മുസ്ലിയാരില്‍ നിന്നാണ് മതപഠനം ആരംഭിച്ചത്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, താജു ശരീഅഃ എം അലിക്കുഞ്ഞി മുസ്ലിയാര്‍, ബാലനടുക്ക അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹ്യദ്ധീന്‍ മുസ്ലിയാര്‍, പഴയങ്ങാടി അവറാന്‍ കുട്ടി മുസ്ലിയാര്‍, മഞ്ചേരി അബ്ദുല്ല മുസ്ലിയാര്‍, ശര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എന്നിവര്‍ മറ്റു ഗുരുനാഥരാണ്.

ഉപ്പിനങ്ങാടി ടൗണ്‍ മസ്ജിദ്, സുളള്യ ടൗണ്‍ മസ്ജിദ്, പെര്‍ള മര്‍ത്യ ജുമാ മസ്ജിദ്, കുമ്പോല്‍ ബദ്രിയ്യ ജുമാ മസ്ജിദ് പാപ്പം കോയ നഗര്‍ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2008 മുതല്‍ മുഹിമ്മാത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്- സുലൈഖ. ഭാര്യ: നഫീസ, മക്കള്‍: മുഹമ്മദ്, സിദ്ദീഖ്, ഉമറുല്‍ഫാറൂഖ്, ഹംസ, ഉസ്മാന്‍, മുഹമ്മദലി ഹിമമി സഖാഫി, സൗദ. മരുമകൻ: യൂസുഫ്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ ഹാജി, മൊയ്തീന്‍ ഹാജി, അബൂബക്കര്‍ ഹാജി, ഇബ്‌റാഹിം ഹാജി, ഖദീജ, ആയിഷ, നബീസ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ മുഹിമ്മാത്തിൽ.
