ഹോളോകോസ്റ്റ് കൂട്ടക്കൊലകൾ പോലെയുള്ള ഉൻമൂലന പരീക്ഷണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്: ജോഷി ഡോൺ ബോസ്കോ

You are currently viewing ഹോളോകോസ്റ്റ് കൂട്ടക്കൊലകൾ പോലെയുള്ള ഉൻമൂലന പരീക്ഷണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്: ജോഷി ഡോൺ ബോസ്കോ

കാസർകോട്: ഒരു പതിറ്റാണ്ട് മുമ്പ് വരെ ചിന്തിക്കാൻ കഴിയാത്ത അപായ സ്ഥിതിയിലേക്കാണ് നമ്മുടെ രാജ്യം ഇപ്പോൾ പോകുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിർവ്വാഹക സമിതി അംഗം ജോഷി ഡോൺ ബോസ്കോ. മനുഷ്യൻ്റെ സാമൂഹ്യ ജീവിതത്തിൻ്റെ ചരിത്രം ഉയർന്നും താഴ്ന്നുമിരിക്കുന്നതാണ്. പുരോഗതിയുടെ പാതയിൽ പിന്നോക്കം തിരിയാതെ മുന്നോട്ട് പോകേണ്ടതാണ് നമ്മുടെ സമൂഹം.

മനുഷ്യൻ്റെ സങ്കുചിത മനസും പ്രാകൃത ചിന്തയും സംഘപരിവാറിലൂടെ ഗോത്രകാലത്തേക്ക് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ബേഡകം ഏരിയാ സമ്മേളനം പൊലിയം തുരുത്ത് എക്കോ ടൂറിസം വില്ലേജിൽ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാസി കാലത്തെ ഹോളോകോസ്റ്റ് വംശഹത്യ വ്യത്യസ്ഥങ്ങളായ ഉൻമൂലന പരീക്ഷണങ്ങളായിരുന്നു. കൊല്ലുക മാത്രമായിരുന്നില്ല നാസികൾ ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടത്തിയിരുന്നത്. അതിക്രൂരമായ പല കൊലപാതക പരീക്ഷണങ്ങൾക്കും അത് വേദിയായി.

അത്തരം സംഭവങ്ങൾ ഇക്കാലത്തും ആവർത്തിക്കും എന്നതാണ് ഭയേക്കേണ്ടത്. രാജ്യം ഭരിക്കുന്ന സർക്കാരിൻ്റെ അനുവാദത്തോടുകൂടി ഒരുവിഭാഗം ജനങ്ങളെ അനഭിമതരാക്കുന്ന നടപടികളാണ് നമ്മുടെ രാജ്യത്തും നടന്നു കൊണ്ടിരിക്കുന്നത്, -ജോഷി ഡോൺ ബോസ്കോ പറഞ്ഞു.

ഏരിയ പ്രസിഡണ്ട് മധു ബേഡകം അധ്യക്ഷനായി. ജയചന്ദ്രൻ പെരിങ്ങാനം അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി പ്രശാന്ത് പായം റിപ്പോർട്ടും സംസ്ഥാന നിർവാഹക സമിതിയംഗം ജയചന്ദ്രൻ കുട്ടമത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

സി.രാമചന്ദ്രൻ, പി.വിനയകുമാർ എന്നിവർ പ്രസംഗിച്ചു. പു.ക.സ പ്രസാധനം ചെയ്‌ത കവിതാ സമാഹാരം ജോഷി ഡോൺ ബോസ്കോ പ്രകാശനം ചെയ്‌തു. സംസ്ഥാന കൗൺസിൽ അംഗം ജി.അംബുജാക്ഷൻ ഏറ്റുവാങ്ങി. ടി.ഗോപാലൻ സ്വാഗതവും കെ.മുരളീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രശാന്ത് പായം (സെക്രട്ടറി), മധു ബേഡകം (പ്രസിഡണ്ട്), പി.കെ ലോഹിതാക്ഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

0Shares