
ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും വലിയ ഒരു കുടുംബമാണ് ബി.ജെ.പിയെന്നും നദ്ദ പറഞ്ഞു.

പാര്‍ട്ടിയിലെ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വവുമായി ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. വെള്ളിയാഴ്ച തൃശ്ശൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാനസമിതി യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ജെ.പി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭാ സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളാണ് ശോഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് വി.മുരളീധരനും കോന്നിയില്‍ കെ.സുരേന്ദ്രനും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ.സുരേന്ദ്രന്‍ അവിടത്തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
