കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്കയും റോബര്‍ട്ട് വാദ്രയും; സി.സി തമ്പിയുമായി ഇടപാട്

  • Post category:national / news
  • Reading time:2 mins read
You are currently viewing കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്കയും റോബര്‍ട്ട് വാദ്രയും; സി.സി തമ്പിയുമായി ഇടപാട്

ആയുധ ഇടപാടുകാരനും ലണ്ടന്‍ പൗരനുമായ പിടികിട്ടാപ്പുള്ളി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും പേര് ഉള്‍പ്പെടുത്തി എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.

ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധിയുടെ പേര് ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയും റോബർട്ട് വാദ്രയും ചേർന്ന് പ്രവാസി വ്യവസായി സി.സി തമ്പിക്ക് ഭൂമി വിറ്റുവെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പരാമർശിക്കുന്നത്. സി.സി തമ്പിയുമായി പ്രിയങ്ക ഗാന്ധിക്കും റോബർട്ട് വാദ്രയ്ക്കും ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്.

ഹരിയാനയിലെ ഫരീദാബാദില്‍, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജണ്ടായ എച്ച്.എൽ പഹ്‌വയിൽ നിന്ന് 2006ൽ പ്രിയങ്ക അഞ്ചേക്കർ കൃഷി ഭൂമി വാങ്ങുകയും 2010ൽ പഹ്‌വയ്ക്ക് തന്നെ വിൽക്കുകയും ചെയ്‌തതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 2005 മുതൽ 2008 വരെ 486 ഏക്കർ ഭൂമി വാങ്ങാൻ തമ്പി പഹ്‌വയുടെ സേവനം ഉപയോഗിച്ചതായി ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.

2005-06 കാലഘട്ടത്തിൽ എച്ച്‌.എൽ പഹ്‌വയിൽ നിന്ന് അമിപുരിൽ 40.08 ഏക്കർ ഭൂമി റോബർട്ട് വാദ്ര വാങ്ങുകയും അതേ ഭൂമി 2010 ഡിസംബറിൽ പഹ്‌വയ്ക്ക് വിൽക്കുകയും ചെയ്‌തു. ഇതുകൂടാതെ പ്രിയങ്ക ഗാന്ധിയുടെ ഭൂമി വിൽപനയും കുറ്റപത്രത്തിൽ പരാമർശിക്കുന്നത്.

സഞ്ജയ് കള്ളപ്പണം വെളുപ്പിച്ചത് വഴി സമ്പാദിച്ച ലണ്ടനിലെ ഒരു വീട് റോബര്‍ട്ട് വാദ്ര നവീകരിക്കുകയും താമസിക്കുകയും ചെയ്‌തതായി ഇ.ഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ വസ്‌തുവാണിതെന്നും ഇ.ഡി വ്യക്തമാക്കി.

ആദായനികുതി അധികൃതര്‍ 2015ലെ ബ്ലാക്ക് മണി ആൻഡ് ഇംപോസിഷൻ ഓഫ് ടാക്സ് ആക്ട് (Black Money (Undisclosed Foreign Income and Assets) and Imposition of Tax Act) പ്രകാരം, സഞ്ജയ് ഭണ്ഡാരിക്കെതിരെ ഇൻകം ടാക്‌സ് ഉദ്യോ​ഗസ്ഥർ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.

സഞ്ജയ് ഭണ്ഡാരിയുടെ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തെക്കുറിച്ച് 2018 മുതല്‍ ഇഡി അന്വേഷണം നടത്തി വരികയാണ്. എന്നാല്‍, ഇതാദ്യമായാണ് വാദ്രയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേര് കേസില്‍ ഉള്‍പ്പെടുത്തുന്നത്.

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി വ്യവസായി ചെറുവത്തൂര്‍ ചാക്കുട്ടി തമ്പി, യു.കെ പൗരന്‍ സുമിത് ചദ്ദ എന്നിവര്‍ക്കെതിരെ ഈ കേസില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചതായി എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് ചൊവ്വാഴ്‌ച അറിയിച്ചു. സഞ്ജയ് ഭണ്ഡാരിക്ക് വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ളവയും 12 ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയര്‍, ലണ്ടന്‍, ആറ് ഗ്രോസ്വെനര്‍ ഹില്‍ കോര്‍ട്ട്, ലണ്ടന്‍ എന്നിവടങ്ങളില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് അറിയിച്ചു.

ഈ സ്വത്തുക്കള്‍ കുറ്റകൃത്യത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് വാങ്ങിയവയാണെന്നും ഇ.ഡി വ്യക്തമാക്കി. സി.സി തമ്പിയും സുമിത് ഛദ്ദയും ഈ കുറ്റകൃത്യങ്ങളുടെ വരുമാനം മറച്ചുവെക്കുന്നതിലും അവ ഉപയോഗിച്ചതിലും പങ്കുള്ളതായി കണ്ടെത്തിയതായും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. തമ്പിയുമായി റോബര്‍ട്ട് വദ്രക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇ.ഡി പറഞ്ഞു.

0Shares