
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിൻ്റെ നിയമനത്തിന് സ്റ്റേ. താത്കാലിക റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ഹൈക്കോടതി തടഞ്ഞു. രണ്ടാം റാങ്കുകാരൻ ഡോ.ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് സ്റ്റേ. ഹർജി വീണ്ടും ഈ മാസം 31ന് പരിഗണിക്കും.
പ്രിയ വർഗീസിന് ദൂതൻ വഴി കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ ഭാര്യയാണ് ഡോ. പ്രിയ വർഗീസ്. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് നിയമിച്ച നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേസിൽ യു.ജി.സിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു. പ്രിയ വർഗീസിനെ നിയമിച്ച നടപടി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. തൃശൂർ കേരളവർമ കോളജിൽ അധ്യാപികയായ ഡോ. പ്രിയ വർഗീസിന്, കഴിഞ്ഞ നവംബറിൽ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് ഇൻറർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു.
തുടർന്ന് മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. 25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജിലെ ഡോ. ജോസഫ് സ്കറിയയെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് മൂന്ന് വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാം റാങ്ക് നൽകിയത് എന്നാണ് ആരോപണം.
