തൻ്റെ വാദം കൂടി കേൾക്കണം; സുപ്രീം കോടതിയിൽ പ്രിയ വർഗീസ് തടസഹർജി ഫയൽ ചെയ്‌തു

  • Post category:national / news
  • Reading time:1 min read
You are currently viewing തൻ്റെ വാദം കൂടി കേൾക്കണം; സുപ്രീം കോടതിയിൽ പ്രിയ വർഗീസ് തടസഹർജി ഫയൽ ചെയ്‌തു

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിയുമായി ബന്ധപ്പെട്ട കേസിൽ പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്‌തു. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ തൻ്റെ വാദവും കൂടി കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയ വർഗീസ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്‌തത്. അഭിഭാഷകരായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു.പി രാമന്‍ എന്നിവര്‍ മുഖേനെയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്‌തത്.

സ്വജന പക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് പ്രിയ വർഗീസിൻ്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. കണ്ണൂർ വി.സി, ഇൻ്റെർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു.

നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഗവർണറുടെ ഉത്തരവിന് ശേഷമാണ്. പ്രിയയ്ക്ക് നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കനാം എന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. യു.ജി.സി മാനദണ്ഡ പ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നും ആയിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ്റെ നിരീക്ഷണം. എന്നാൽ ഈ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

0Shares