
കാസർകോട്: സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികളെ വിവിധ കാരണങ്ങൾ പറഞ്ഞ് അധികാരികൾ കൊള്ളയടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ കേരള ആരോഗ്യ മന്ത്രിക്കും, ആരോഗ്യവകുപ്പ് അധികൃതർക്കും നൽകിയ കത്തിൽ പറഞ്ഞു.

കാസർകോട് നഗരത്തിൽ ദേശീയപാതക്കരികിൽ പ്രവർത്തിക്കുന്ന സൺറൈസ് ആശുപത്രിയിൽ പ്രസവചികിത്സക്കെത്തിയ ഒരു രോഗിയോട് അഡ്മിറ്റ് ചെയ്യണമെങ്കിൽ മുൻകൂർ പണം അടക്കണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് പണംഅടച്ചതിന് ശേഷം മാത്രമാണ് ചികിത്സ ലഭ്യമാക്കിയത്.
രാജ്യത്ത് കേട്ട് കേൾവി പോലുമില്ലാത്തവിധത്തിലാണ് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ മുൻകൂട്ടി പണം നൽ കേണ്ടുന്ന ദുരവസ്ഥയുണ്ടായതെന്ന് അദ്ദേഹം തൻ്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആതുര ശുശ്രൂഷ രംഗം കച്ചവട വൽക്കരിക്കപ്പെടുകയും സ്വകാര്യ ആശുപത്രികളും രോഗ നിർണ്ണയ കേന്ദ്രങ്ങളും ധനസമാഹരണ കേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കയാണ്. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരമുള്ള ഹെൽത്ത്കാർഡ് ഉപയോഗിക്കുന്ന രോഗികളെയാണ് സ്വകാര്യ ആശുപത്രികൾ കൊള്ളയടിക്കുന്നത്. ആരോഗ്യ കാർഡിൽ നിന്നും മുഴുവൻ തുകയും ഈടാക്കുകയും അതിന് പുറമെ പാവപ്പെട്ട രോഗികളിൽ നിന്ന് വൻതുക പിടിച്ച് വാങ്ങുകയുമാണ് ചെയ്യുന്നത്.
സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് സാധാരണറൂം സൗകര്യം നിഷേധിച്ച് മാറ്റിനിർത്തുകയും സൂപ്പർ സ്പെഷ്യാലിറ്റി റൂമുകൾ മാത്രം നൽകി ആയിനത്തിലും കൊള്ള നടത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി സ്വകാര്യ ആശുപത്രികളിലെ അനാവശ്യ ചികിത്സാ കൊള്ള തടയുവാനും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുവാനും രോഗികൾക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്ന് അബ്ദുൾ റഹ്മാൻ കത്തിൽ ആവശ്യപ്പെട്ടു.
