
തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിയ സമരം തിരുവനന്തപുരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പ് മുട്ടിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലേക്ക് നഴ്‌സുമാരുടെ വലിയ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. UNA എന്ന പേരിൽ അറിയപ്പെടുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും പണിമുടക്കും നടത്തുന്നത്. ചെറുതും വലുതുമായ 500-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൻ്റെ ഭാഗമായി പങ്കടുത്തു എന്നാണ് വിവരം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമാണ് നിലവിൽ സേവനം ലഭിക്കുന്നത്. വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കുകയാണ്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം.
ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യു.ജി.സി സ്കെയിൽ നടപ്പിലാക്കുക, എൻ.എച്ച്എം, പാലിയേറ്റീവ് കെയർ, എം.എൽ.എസ്പി, എച്ച്ഡി.എസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പിലാക്കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോൾഡേഴ്‌സിനെ സംരക്ഷിക്കുക എന്നി ആവശ്യങ്ങളാണ് യു.എൻ.എ പ്രധാനമായും ഉന്നയിക്കുന്നത്. ഇ ആവശ്യങ്ങളോട് സർക്കാർ എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം. സർക്കാർ മുഖം തിരിച്ചാൽ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും സമരക്കാർ നൽകുന്നു. നിരവധി നഴ്‌സുമാരാണ് സമരത്തിൻ്റെ ഭാഗമായി തിരുവനതപുരത്ത് എത്തിയിട്ടുള്ളത്.
