
കാസർകോട്: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗം, പിന്നോക്ക ക്ഷേമം ,പാർലമെൻററി കാര്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ മേഖലയിൽ ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നും ഈ മേഖലകളിൽ ചെലവഴിക്കുന്ന തുക അർഹരായ വിഭാഗങ്ങൾക്ക് പരമാവധി ഗുണം ഉണ്ടാകുന്നതിനായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു .
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .തൊഴിലിന് സഹായകമായ ഉന്നത വിദ്യാഭ്യാസത്തിന് വിഭാഗങ്ങളെ പ്രാപ്തരാക്കും. സാമൂഹിക ഉത്തരവാദിത്തമുള്ളവരായി മാറ്റും കോളനികളിലെ വിദ്യാർത്ഥികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിന് നടപടി സ്വീകരിക്കും.
പൊതുവേ ജില്ലയിൽ മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി വിലയിരുത്തി. ജില്ലയിലെ പട്ടയം , അതിർത്തി മേഖലകളിൽ ഭാഷാന്യൂനപക്ഷം നേരിടുന്ന വിവിധ പ്രശ്നങ്ങൾ, തുടങ്ങിയവ പരിഹരിക്കേണ്ടതുണ്ട്. കോളനികളിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രാപ്തരാക്കണം. കുടിവെള്ളം . വൈദ്യുതി, റോഡ്, വീട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം . ലൈഫ് പദ്ധതിക്ക് വകുപ്പ് വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് വീടില്ലാത്തവർക്ക് വീട് നൽകാനുള്ള നടപടികൾ ത്വരിത പ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജില്ലയിലെ വനഭൂമിയിലെ പട്ടയ പ്രശ്നം ചർച്ച ചെയ്യുന്നതിന് മാർച്ച് ഒന്നിന് വൈകിട്ട് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കുമെന്ന് യോഗത്തിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.ലൈഫ് ഭവന പദ്ധതിയിലെ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വീട് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യുന്നതിന് ഫെബ്രുവരി 28ന് രാവിലെ 10ന് യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു.
പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിൻ ഡയറക്ടർ കൃഷ്ണപ്രകാശ് , പട്ടിക ജാതിവകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. കെ ഷാജു, ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനറാണി ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർമാരായ എം. മല്ലിക, ഹറാൾഡ് ജോൺ ബ്ലോക്ക്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
