
കൊച്ചി: കനത്ത സുരക്ഷയിലും ജനങ്ങളുടെ ആഹ്ളാദ ആരവങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ റോഡ് ഷോ നടത്തി. വൻ ജനാവലിയാണ് റോഡ് ഷോ കാണാൻ റോഡിൻ്റെ ഇരുഭാഗത്തും കൂടിനിന്നത്. പുഷ്പവൃഷ്ടിയിൽ ആളുകൾ വരവേറ്റു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത്.
മുമ്പും പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയിരുന്നെങ്കിലും ഇപ്രാവശ്യത്തെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. യുവം 2023 കോണ്‍ക്ലേവ് പരിപാടിയിൽ യുവാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

വെല്ലിങ്ടൺ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി മോദി എത്തിയത്. മധ്യപ്രദേശിൽ നിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്താലാണ് എത്തിയത്. ചൊവാഴ്‌ച വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ്, കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തിൽ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ. ഇൻ്റെലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള രണ്ട് കിലോമീറ്റർ പാതയുടെ ഇരുവശത്തുമുള്ള ആളുകൾക്ക് നേരെ കേരളത്തിൻ്റെ പരമ്പരാഗത വസ്ത്രം ധരിച്ച് പ്രധാനമന്ത്രി മോദി കൈവീശി കാണിക്കുന്നത് കാണാം. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് പ്രധാനമന്ത്രി നാവികസേനാ എയർ സ്റ്റേഷനിൽ ഇറങ്ങിയത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ചതോടെ പ്രദേശം മുഴുവൻ കനത്ത സുരക്ഷാവലയത്തിലാണ്. ഏറു സമയം നടന്നതിനുശേഷം, സുരക്ഷാ ഉദ്യോഗസ്ഥർ പിന്തുടരുന്ന ഒരു എസ്.യു.വിയിൽ അദ്ദേഹം ‘യുവം’ പരിപാടിയിൽ എത്തി.
