
‘ഭാരത് ജോഡോ യാത്ര’ നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്ന ടി ഷർട്ടിൻ്റെ വിലയെ പരിഹസിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്. വെള്ള നിറത്തിലുളള ബര്‍ബെറി ടീ ഷര്‍ട്ടിലുളള രാഹുല്‍ ഗാന്ധിയുടെ ചിത്രവും ടീ ഷര്‍ട്ടിൻ്റെ വിലയുടെ ചിത്രവുമാണ് ബി.ജെ.പി ഔദ്യോഗിക ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഭാരത്, ദേഖോ’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 41,000 രൂപയിലധികം വിലയുള്ള ബര്‍ബെറി ടീ ഷര്‍ട്ടാണ് രാഹുല്‍ ഗാന്ധി ധരിച്ചിരുന്നത്. അതെസമയം ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടണ്ട്. ഭാരത് ജോഡോ യാത്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട ശേഷം നിങ്ങള്‍ക്ക് പേടിയുണ്ടോ ? തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ച് സംസാരിക്കൂ.. വസ്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെങ്കില്‍ മോദിജിയുടെ 10 ലക്ഷം രൂപ വിലയുള്ള സ്യൂട്ടും 1.5 ലക്ഷം രൂപ വിലയുള്ള കണ്ണടയും ചര്‍ച്ചയാകുമെന്നുമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

അതേസമയം, രാഹുൽ യാത്രയുടെ രണ്ടാം ദിവസം, ഏകദേശം 13 കിലോമീറ്റര്‍ യാത്ര ചെയ്ത് ശുചീന്ദ്രത്തുള്ള 101 വര്‍ഷം പഴക്കമുള്ള സ്‌കൂളിലെത്തിയിരുന്നു. ഇതിനിടെ ലഭിച്ച ചെറിയ ഇടവേളയില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 2017ല്‍ നീറ്റ് പരീക്ഷ പാസാകാതെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അനിതയുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കണ്ടു.
നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. 12 സംസ്ഥാനങ്ങളിലൂടെ തുടരുന്ന യാത്ര 3,500 കിലോമീറ്റര്‍ ദൂരം പിന്നിടും.
