രാഷ്ട്രപതി ദില്ലിയിലേയ്ക്ക് ക്ഷണിച്ചു; നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് കാണണമെന്ന് പറഞ്ഞു: മേയർ ആര്യ രാജേന്ദ്രൻ

  • Post category:news
  • Reading time:2 mins read
You are currently viewing രാഷ്ട്രപതി ദില്ലിയിലേയ്ക്ക്  ക്ഷണിച്ചു; നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് കാണണമെന്ന് പറഞ്ഞു: മേയർ ആര്യ രാജേന്ദ്രൻ

രാഷ്ട്രപതി ദില്ലിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞതായും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പൂജപ്പുരയിലെ പൊതുപരിപാടിക്ക് ശേഷം പിരിഞ്ഞ തന്നെ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി വിളിച്ച് രാജ്ഭവനിൽ വെച്ച് തന്നെ നേരിൽ കാണണം എന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടതായി അറിയിച്ചുവെന്നും അറിയിപ്പ് പ്രകാരം രാജ്ഭവനിലെത്തി അദ്ദേഹത്തെ നേരിൽ കണ്ടുവെന്നും ആര്യ രാജേന്ദ്രൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തിൻ്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തിൽ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം കൂടിച്ചുചേരലിനൊടുവിൽ തന്നെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കുന്നു.

ആര്യ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും: ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിനെ എയർപോർട്ടിൽ സ്വീകരിച്ച ശേഷം പൂജപ്പുരയിൽ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യൻ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺ, ആദ്യം കോൾ എടുക്കാൻ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോൾ , ”ബഹു. പ്രസിഡന്റിന് മേയറെ നേരിൽ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ‘ എന്ന് പറഞ്ഞു.

എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂർവ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിൻ്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തിൽ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം.

ദില്ലിയിലേയ്ക്ക് വരണമെന്നും, നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിൻ്റെ പൊതുനന്മയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിർവ്വഹണം നടത്താനും ഉപദേശിച്ചു. അദ്ദേഹത്തിൻ്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ് , ഒരു സ്ത്രീയോട് , അല്ലെങ്കിൽ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിൻ്റെ കൂടി പ്രതിഫലനമാണ്.

ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തിൽ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്കിയ സ്‌നേഹബഹുമാനങ്ങൾ അദ്ദേഹത്തെ കൂടുതൽ ബഹുമാനിതനാക്കി. നഗരസഭയുടെ സ്‌നേഹാദരവും അദ്ദേഹത്തിന് നല്കിയാണ് പിരിഞ്ഞത്. ജീവിതത്തിൽ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദർഭമല്ല അന്നത്തെ സായാഹ്നം . പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വർഷക്കാലമായി തലസ്ഥാന നഗരിയിൽ നടത്തുന്ന ഇടപെടലുകൾ നല്കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇനിയുമേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഇത്തരം കൂടിക്കാഴ്ച്ചകളിൽ നിന്ന് കിട്ടുന്ന ഉപദേശ നിർദ്ദേശങ്ങൾ ജീവിതാനുഭവങ്ങളുടെ സ്പർശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പിൽ , നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീർക്കാനുള്ള കർമ്മപദ്ധതിയിൽ ഇതെല്ലാം ഉൾച്ചേർന്നിരിക്കും, തീർച്ച.

0Shares