അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

  • Post category:local news
  • Reading time:1 min read
You are currently viewing അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന്  വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

കാസർകോട്: വിവാഹ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ നിലവില്‍ നിയമപരമായ ബാധ്യതയാണ്. രജിസ്‌ട്രേഷനോടൊപ്പം വിവാഹപൂര്‍വ കൗണ്‍സിലിംഗിന് ദമ്പതിമാര്‍ വിധേയമായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രൂപത്തില്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്നത് നന്നാകുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.

അവസാന വര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്ക് കലാലയ ജ്യോതി , ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ മുഖേന കൗണ്‍സിലിംഗ് നല്‍കും. ഗാര്‍ഹിക കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തുന്നവയില്‍ ഏറെയും. പഞ്ചായത്ത്തലത്തില്‍ സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. വാര്‍ഡ്തല ജാഗ്രത സമിതി ശക്തിപ്പെടുത്തണം. വാര്‍ഡ്തലത്തിലുള്ള ജാഗ്രതാസമിതികള്‍ കൃത്യമായി പ്രതിമാസം യോഗം ചേര്‍ന്ന് ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ കമീഷന്‍ മുമ്പാകെ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള അന്തരീക്ഷമുണ്ടാകണം.

ഗ്രാമീണതലങ്ങളിലുള്ള പരാതികള്‍ ജാഗ്രതാസമിതികള്‍ മുഖേന പരിഹരിക്കാനുള്ള നപടികള്‍ കൈക്കൊള്ളും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി മുന്‍കൈയെടുക്കണമെന്നും പി സതീദേവി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ കമീഷന്‍ കോളജ്തലങ്ങളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 32 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 15 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. സിറ്റിംഗില്‍ വനിതാ പൊലീസ് സി.ഐ ഭാനുമതി , അഡ്വ. രേണുകാ ദേവി, അഡ്വ. ടിറ്റിമോള്‍ കെ. ജൂലി, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares