
കാസർകോട്: സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടിയ അടിസ്ഥാന ശില കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗമാണെന്ന് തുറമുഖം , മ്യൂസിയം പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ . സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജി. എച്ച്.എസ്. എസ് ചായ്യോത്ത് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണ് കേരളം. കൊവിഡ് കാലത്ത് ലോകത്തിനു തന്നെ മാതൃകയായി സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ മുഴുവന്‍ സ്‌കൂളുകളെയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. 1339 ഹൈടെക് സ്‌കൂളുകള്‍, 45000 ഹൈടെക് ക്ലാസ് മുറികള്‍, 119054 ലാപ്‌ടോപുകള്‍, 69944 പ്രൊജക്ടറുകള്‍ എന്നിവ കേരളത്തിലെ മികച്ച സാങ്കേതിക വിദ്യാഭ്യസത്തിൻ്റെ അടയാളപ്പെടുത്തലാണ്.
മികച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിക്ക് എന്‍. സി. ആര്‍.ടി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയായ ഫസ്റ്റ് ബെല്ലിനു ലഭിച്ചു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. നീതി ആയോഗൻ്റെ വിദ്യാഭാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ് . എല്ലാ കുട്ടികളെയും പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ വിവിധ ക്ലാസുകളിലായി 12000 ത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവേശനം നേടി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. ദേശീയ മാസ്റ്റേഴ്‌സ് കബഡി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടിയ ടീമംഗമായ ചായ്യോത്ത് സ്‌കൂളിലെ കായികാധ്യാപിക റെനീഷ , ചായ്യോത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളായ സംസ്ഥാന സബ് ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് സഞ്ജയ് സജീവ്, ഇന്റര്‍നാഷണല്‍ ഖാട്ടാ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് എ.വി. അഭിനന്ദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൃഷ്ണകുമാര്‍ പള്ളിയത്ത് ഉണര്‍ത്തു പാട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ ഇ. ചന്ദ്രശേഖരന്‍ എം.എല്‍. എ അധ്യക്ഷനായി. കാസര്‍കോട് ഡി.ഡി.ഇ കെ.വി. പുഷ്പ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ , ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് , കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള ,കാസര്‍കോട് എസ്എസ്‌കെ ഡി.പി.സി പി. രവീന്ദ്രന്‍ ,കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രഘുറാം ഭട്ട് ,കൈറ്റ് കോര്‍ഡിനേറ്റര്‍ എം.പി.രാജേഷ്, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍ , ചിറ്റാരിക്കാല്‍ എ.ഇ.ഒ എം.ടി. ഉഷാകുമാരി , ബി.പി.സി ചിറ്റാരിക്കാല്‍ ടി. കാസിം , കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.അജിത്ത് കുമാര്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. ധന്യ, ചിറ്റാരിക്കാല്‍ മുന്‍ ഡി.ഇ.ഒ കെ.ടി. ഗണേഷ്‌കുമാര്‍ , പ്രിന്‍സിപ്പാള്‍ ഒ.വിനോദ് , മുന്‍ എച്ച്എം എ . ശ്രീനിവാസന്‍ , എസ്എംസി ചെയര്‍മാന്‍ എം. പി.പ്രസന്നകുമാര്‍ , പി.ടി.എ പ്രസിഡന്റ് കെ.വി. ഭരതന്‍ , എം.പി.ടി.എ പ്രസിഡന്റ് കെ.ഷാനി തുടങ്ങിയവര്‍ സംസാരിച്ചു.
