
കാസറഗോഡ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരണ വിതരണ കേന്ദ്രമായ ‘ജില്ലാതല ക്ലിയറൻസ് സെന്റർ’ പ്രവർത്തനം ആരംഭിച്ചു.
ജില്ലാ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ 22 മുതൽ പ്രവർത്തനമാരംഭിച്ച ജില്ലാതല ക്ലിയറൻസ് സെന്റർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അവശ്യ സർവീസ് വിഭാഗങ്ങൾക്കുള്ള 12 ഡി അപേക്ഷ അപ്ലോഡ് ചെയ്ത് ജില്ലാ കളക്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതുവരെ പോസ്റ്റൽ ബാലറ്റിനായുള്ള 1738 ഫോം 12ഡി അപേക്ഷകളാണ് ജില്ലാതല ക്ലിയറൻസ് സെന്ററിൽ ലഭിച്ചത്. പോലീസ്, പോസ്റ്റൽ, കെഎസ്ആർടിസി, എക്സൈസ്, ഫയർഫോഴ്സ്, റെയിൽവേ പോലീസ്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിനം 14 അവശ്യസർവീസ് വിഭാഗങ്ങളിൽ ഔദ്യോഗിക ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് 12 ഡി ഫോം പൂരിപ്പിച്ചും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും വിവിധ സർക്കാർ വകുപ്പുകളിൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ഫോം 12പൂരിപ്പിച്ചും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാം. മാധ്യമപ്രവർത്തകർക്കുള്ള 12 ഡി അപേക്ഷകൾ 25 വരെ സ്വീകരിക്കും. 33 ഉദ്യോഗസ്ഥരാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല ക്ലിയറൻസ് സെന്ററിൽ പ്രവർത്തിക്കുന്നത്.

കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വോട്ടർമാർക്ക് കണ്ണൂരിൽ പ്രവർത്തിക്കുന്ന ആർ എൽ സി സി യിലേക്ക് പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷകൾ എത്തിക്കുന്നതിനും കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകൾ ഒഴിച്ചുള്ള ജില്ലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കായുളള പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ എറണാകുളത്ത് പ്രവർത്തനമാരംഭിച്ച എസ് എൽ സി സി യിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ കാസർകോട് ജില്ല ക്ലിയറൻസ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. എൽ എസ് ജി ഡി ഇന്റേണൽ വിജിലൻസ് ഓഫീസറായ ടി ടി സുരേന്ദ്രനാണ് പോസ്റ്റൽ ബാലറ്റിൻ്റെ ചുമതലയുള്ള നോഡൽ ഓഫീസർ. എൽ എസ് ജി ഡി ജൂനിയർ സൂപ്രണ്ട് പി വി ഷാജിയുടെ മേൽനോട്ടത്തിലാണ് ജില്ലാതല ക്ലിയറൻസ് സെന്റർ പ്രവർത്തിക്കുന്നത്. 1951ലെ ജന പ്രാതിനിധ്യ നിയമത്തിൻ്റെയും1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെയും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെയും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപെടാതിരിക്കാൻ പോസ്റ്റൽ ബാലറ്റ് എന്ന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിവിധ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്റ്റാറ്റിക് സർവലൻസ് ടീം, ഫ്ലൈയിംഗ് സ്ക്വാഡ്, വിഡിയോ വ്യൂങ് സ്ക്വാഡ് എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് ടീം തുടങ്ങിയ വിവിധ ഉദ്യോഗസ്ഥർക്ക് 12 അപേക്ഷയും വോട്ടർ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവും സഹിതം ജില്ലാതല സെൻ്ററിൽ നൽകി പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാവുന്നതാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
