
വിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപ ലാഭം
നാടിന്റെ ഭാവിക്കും ഭാവി തലമുറയ്ക്കുമായി സര്‍ക്കാര്‍ നടത്തിയ നാല് മിഷനുകളും ജനകീയമാക്കാന്‍ തീരുമാനിച്ചത് മിഷനുകളില്‍ ജനകീയ ബോധം ഉണ്ടാക്കിയെടുക്കാനായിരുന്നെന്നും അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി എല്ലാ സ്‌കൂളുകളും ഹൈടെക്കായ പ്രഖ്യാപനം നടത്തി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ രാജ്യവും ലോകവും അംഗീകരിച്ച മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ അടുത്തകാലം വരെ കാലാനുസൃതമായ മാറ്റം പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായില്ല. പൊതു വിദ്യാലയങ്ങളില്‍ ചിലത് അടഞ്ഞു പോകുന്ന സ്ഥിതി വിശേഷമുണ്ടായി. ഈ പ്രതിസന്ധി എങ്ങിനെ മറികടക്കാം എന്ന ചിന്തയില്‍ നിന്നുമാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ തുടക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ചുമതലകള്‍ നല്‍കി. നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, പി,ടി.എ, വിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്നവര്‍ അങ്ങനെ മുഴുവന്‍ ആളുകളും ഇതിനായി കൂട്ടായി പ്രവര്‍ത്തിച്ചു.അതിശയകരമായ ജനപങ്കാളിത്തം ഈ മേഖലയില്‍ ഉണ്ടായി. ഇതിന്‍റെ ഫലമായി പൊതുവിദ്യാഭ്യാസ മേഖല തകര്‍ന്നു പോകും എന്ന ആശങ്ക പാടെ മാറി. വിദ്യാലയങ്ങളില്‍ 5 ലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവിനും കാരണമായി . പൊതു വിദ്യാലയങ്ങളെ നാട് നോക്കികാണുന്ന രീതിമാറി. ഇത് സര്‍ക്കാറിന്‍റെ നേട്ടം എന്നതിലുപരി നാടിന്‍റെ നേട്ടമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവച്ചത് പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്നും അതിന്‍റെ നേട്ടം സ്‌കൂളിന്‍റെയും വിദ്യാര്‍ത്ഥിയുടെയും ഭൗതിക- അക്കാദമിക്ക് നിലവാരങ്ങളില്‍ പ്രതിഫലിക്കണമെന്നതുമായിരുന്നു. കൂടാതെ നമ്മുടെ ഗ്രാമത്തിലെ വിദ്യാലയങ്ങള്‍ വികസിത രാഷ്ട്രങ്ങളിലെ മികവാര്‍ന്ന വിദ്യാലയങ്ങളോട് കിടപിടിക്കണമെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണമെന്നുമായിരുന്നു. ആ നേട്ടം സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നു. മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക്കാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017ല്‍ കൈറ്റിന്‍റെ നേതൃത്വത്തില്‍ 189 എല്‍.പി, യു.പി ക്ലാസ് റൂമുകള്‍ ഹൈടെക് ലാബ് ആക്കിയ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് 11,275 എല്‍.പി യു.പി ഹൈടെക് ലാബുകളുടെ പ്രഖ്യാപനത്തിനും പൂര്‍ത്തീകരിക്കാനും ഇന്ന് സാധിച്ചത് .ഇതോടൊപ്പം എട്ട് മുതല്‍ 12 വരെയുള്ള 45,000 ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനും ഒന്ന് മുതല്‍ 12വരെയുള്ള 374274 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കാനും കഴിഞ്ഞു .കിഫ്ബി സഹായത്തോടെയാണ് ഹൈടെക് ക്ലാസ് മുറികള്‍ യാഥാര്‍ത്ഥ്യമായത്. 595 കോടി രൂപയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ക്ലാസ് മുറികളുടെ നിര്‍മ്മാണ ഘട്ടത്തില്‍ വലിയ തോതിലുള്ള പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായി. മത്സര ബുദ്ധിയോടെ ജനങ്ങള്‍ ഈ യജ്ഞം ഏറ്റെടുത്തു. 135.50 കോടി രൂപ നാടിന്‍റെ വകയായി പൊതുവിദ്യാലയങ്ങളിലേക്ക് ചെലവഴിച്ചു. ഏറ്റവും വലിയ അമ്പലം വിദ്യാലയമാണെന്ന ബോധ്യത്തോടെയാണ് പൊതുജനങ്ങള്‍ സംഭാവനകള്‍ നല്‍കിയത്.. ജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മികച്ച മാതൃകയാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായ മുഴുവന്‍ ആളുകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇന്ന് ലോകത്ത് ആകെയുള്ള പ്രവണതയാണ് സമൂഹം പൊതുമേഖലകളില്‍ നിന്നും പിന്‍വാങ്ങുന്നത്. അത്തരം ഒരു ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇടപെടലില്‍ വിദ്യാഭ്യാസ മേഖലയെ ജനകീയ മേഖലയാക്കാമെന്ന് ഈ സര്‍ക്കാര്‍ കാണിച്ചത്. കൈറ്റ് നല്‍കിയ രണ്ട് ലക്ഷത്തോളം ലാപ്ടോപ്പുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപ ലാഭം ഉണ്ടായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന നയത്തിലൂടെ സ്‌കൂള്‍ വിക്കി, മോക്ക്, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് പ്രോഗ്രാമുകള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ഇത് തുടര്‍ന്ന് കൊണ്ടുപോകാകാന്‍ കഴിയണമെന്നും അതിന് മുന്‍കൈ എടുക്കേണ്ടത് അധ്യാപക സമൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസം നല്‍കാന്‍ കോവിഡ് കാലത്തെ പരിമിതമായ സാഹചര്യത്തിലും നാം ശ്രമിച്ചതിന്‍റെ ഭാഗമായാണ് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞെത്. ജൂണ്‍ ഒന്ന് മുതല്‍ ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ നല്‍കി വരുന്നു. 2650 ഡിജിറ്റല്‍ ക്ലാസുകള്‍ ഇതുവരെയായി കൈറ്റ് നല്‍കി കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു
