കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന

തൃശൂർ: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡിയുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫ് പോക്കാക്കില്ലത്തിൻ്റെ വീട്ടിൽ ഉൾപ്പടെ 12 ഇടത്താണ് പരിശോധന നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിദേശ ഇടപാടുകളിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇ.ഡിയുടെ പരിശോധന.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇ.ഡി റെയ്‌ഡ്‌ നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്.

ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ ലത്തീഫ് പോക്കാക്കില്ലത്തിൻ്റെ വീട്ടിൽ തിങ്കളാഴ്‌ച രാവിലെ മുതൽ ഇ.ഡി പരിശോധന ആരംഭിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്.

പൊലീസ് സംഘവും ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന. നേരത്തെ എൻ.ഐ.എ അറസ്റ്റ് ചെയ്‌ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇ.ഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു.

0Shares