
ന്യൂഡല്‍ഹി: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 19ന് നടക്കും. ജൂണ്‍ ഒന്നിനാണ് അവസാനഘട്ടം. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ വോട്ടെടുപ്പിന് ശേഷം 39 ദിവസങ്ങള്‍ക്ക് ശേഷമാകും ഫലപ്രഖ്യാപനം.
തീയതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലിന് ആണ്.

ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ടിന് ആയിരിക്കും.
96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 19.74 കോടി യുവവോട്ടര്‍മാര്‍ ഇത്തവണയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
