
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സുകുമാരൻ നായരെ കാണാൻ എൻ.എസ്.എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന മറുപടിയാണ് നൽകിയത്.

മുസ്‌ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ഇന്നലെ സുകുമാരൻ നായരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും എൻ.എസ്.എസ് ആസ്ഥാനത്ത് നിന്നും കൂടിക്കാഴ്ചയക്ക് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളും നേരിൽ കണ്ട് ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും അവർക്കും സുകുമാരൻ നായർ അനുമതി നൽകിയില്ല. ഇപ്പോൾ ചർച്ചകളൊന്നും വേണ്ടെന്നാണ് നിലപാടെന്നാണ് എൻ.എസ്.എസ് നൽകുന്ന അനൗപചാരിക വിശദീകരണം.
