
കാസര്‍കോട്: ആശുപത്രിയിലേക്കും ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്കുപോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തില്‍ കെ.ജി.എം.ഒ.എ ഭാരവാഹികള്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് പി എസ്. സാബുവിനെ നേരില്‍ കണ്ട് പരാതി നൽകി.
ബദിയടുക്ക സി.എച്ച്.സിയിലെ ഡോ. അരവിന്ദനെ വിദ്യാനഗര്‍ ബി.സി റോഡില്‍ വെച്ചും ഇദ്ദേഹത്തിന്‍റെ ഭാര്യ ഡോ.അപര്‍ണ്ണയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാഷ്യാലിറ്റിയില്‍ ഇറക്കി തിരിച്ചു വന്നു വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ കടയിലേക്ക് പോകുമ്പോഴുമാണ് പോലീസ് സംഘം അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് പരാതി. ഉദുമ സി.എച്ച്.സിയിലെ സ്റ്റാഫ് നഴ്‌സ് നിര്‍മ്മലയെ ഡ്യുട്ടിക്ക് വരുന്നതിനിടെ പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി.

ചട്ടഞ്ചാല്‍ പി.എച്ച്.സിയിലെ എന്‍.ആര്‍.എച്ച്.എം ഡോ.ഫാത്തിമത്ത് സാജിതയെ തളങ്കരയിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഭര്‍ത്താവിന്‍റെ കൂടെ ആശുപത്രിയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ചെയ്തുവെന്നും പരാതിയുണ്ടായി. ഡോക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും പോലീസ് വെറുതെവിട്ടില്ലെന്നാണ് പറയുന്നത്. കെ.ജി.എം.ഒ.എ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ.എം. മുഹമ്മദിന്‍റെ മകളാണ് ഡോ.ഫാത്തിമത്ത് സാജിദ.
ജില്ലാ പ്രസിഡന്റ് ഡോ.എം.മുഹമ്മദ്, ഡോ.നാരായണ നായക്ക്, ഡോ.അരവിന്ദന്‍, ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.നാരായണ പ്രദീപ് എന്നിവരാണ് നേരിൽ കണ്ട് എസ്.പിക്ക് പരാതി നൽകിയത്. ജില്ലാ കളക്ടർക്കും പരാതി നൽകുമെന്ന് ഡോക്ടർമാർ ചാനൽ ആർ.ബിയോട് പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശം നല്‍കിയാണ് പോലീസുകാരെ ഡ്യൂട്ടിക്ക് പറഞ്ഞയക്കുന്നതെന്നും വീഴ്ച വരുത്തിയെങ്കില്‍ അന്വേഷിച്ചു നടപടി എടുക്കുമെന്നും എസ്.പി സംഘടനാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.
