
തിരുവനന്തപുരം: മാനവീയം വീഥിയില്‍ ജനമധ്യത്തില്‍ യുവാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. പ്രതികളെ തിരിച്ചറിയാത്തതിനാല്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്‌ച രാത്രി ജനത്തിരക്കേറിയ സമയത്തായിരുന്നു യുവാക്കള്‍ ഏറ്റുമുട്ടിയത്.
സംഭവത്തെത്തുടര്‍ന്ന് മാനവീയം വീഥിയില്‍ സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. നൈറ്റ് ലൈഫ് കേന്ദ്രമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാനവീയം വീഥിയില്‍ രാത്രിയില്‍ വലിയ ജനത്തിരക്കാണ്. കേരളീയം കൂടി എത്തിയതോടെ തിരക്ക് ഇരട്ടിയായി.
കുടുംബങ്ങള്‍ക്കും സമയം ചെലവിടാനുള്ള കേന്ദ്രമാക്കി മാനവീയത്തെ മാറ്റിയെടുക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇനിമുതല്‍ പ്രദേശത്ത് ലഹരിപരിശോധന നടത്തും.

മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കാനായുള്ള ഡ്രഗ് കിറ്റ് ഉപയോഗിച്ചായിരിക്കും പരിശോധന. ഇതിനായി നര്‍ക്കോട്ടിക് സെല്ലിൻ്റെ കൈവശമുള്ള ഡ്രഗ് കിറ്റ് എത്തിക്കും.
ഉമിനീര്‍ പരിശോധനയാണ് നടത്തുക. കൂടാതെ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയും ഉണ്ടാകും. സംശയം തോന്നുന്നവരെയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. പോലീസ് നായയെ ഉപയോഗിച്ചും ഇവിടെ പരിശോധന നടത്തും.
റോഡിൻ്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. രാത്രി 11ന് ശേഷം വാഹനങ്ങളില്‍ ദ്രുതകര്‍മസേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സി.സി.ടി.വി.കള്‍ സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചു.
നൈറ്റ് ലൈഫ് സംവിധാനത്തെ സംഘര്‍ഷ രഹിതമാക്കാനുള്ള ഇടപെടലായിരിക്കും പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നാണ് അധികൃതര്‍ പറയുന്നത്.
