
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിൻ്റെ വീട്ടിൽ നടന്ന പരിശോധനയിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ തൻ്റെ മുന്നിൽ നിന്ന് ഭീക്ഷണി മുഴക്കുമ്പോൾ ദിലീപിൻ്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ദിലീപിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഇല്ല എന്നാണ് പോലീസ് പറയുന്നത്. അതിനാൽ ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരഞ്ഞിരുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുകയുണ്ടായി.
ആലുവ പറവൂർക്കവലയിലെ ദിലീപിൻ്റെ വീട്, സഹോദരൻ അനൂപിൻ്റെ വീട്, ദിലീപിൻ്റെയും അനൂപിൻറെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിൻ്റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്. ദിലീപിൻ്റെയും സഹോദരൻ്റെയും വീട്ടിൽ എസ്പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിൻറെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
