മോഹപലിശയിൽ നിക്ഷേപ തട്ടിപ്പ്; ബിറ്റ് കോയിൻ മോഡലിൽ ജി.ബി.ജി കോയിൻ, പോലീസ് 17 കേസുകൾ കൂടി റജിസ്റ്റർ ചെയ്‌തു

You are currently viewing മോഹപലിശയിൽ നിക്ഷേപ തട്ടിപ്പ്; ബിറ്റ് കോയിൻ മോഡലിൽ ജി.ബി.ജി കോയിൻ, പോലീസ് 17 കേസുകൾ കൂടി റജിസ്റ്റർ ചെയ്‌തു

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

കുണ്ടംകുഴി / കാസർകോട്: ജി.ബി.ജി നിധി നിക്ഷേപ തട്ടിപ്പിൽ ബേഡകം പോലീസിൽ കൂട്ടത്തോടെ പരാതികൾ. വ്യാഴാഴ്‌ച മാത്രം ബേഡകം പോലീസ് റജിസ്റ്റർ ചെയ്തത് 17 കേസുകളാണ്. കുണ്ടംകുഴി ആസ്ഥാനമായുള്ള സ്ഥാപനത്തിൽ മോഹപലിശ വാഗ്ദാനം ചെയ്‌ത്‌ നിയമ വിരുദ്ധമായി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്തുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ജി.ബി.ജി നിധി, ബിഗ് പ്ലസ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ, കമ്പനി ചെയർമാൻ, വിനോദ് കുമാർ, ഡയറക്ടർമാർ എന്നിവർക്കെതിരെ ആണ് ബേഡകം പോലീസ് വഞ്ചനാക്കുറ്റം (ഐ.പി.സി- 420), ബഡ്സ്‌ ആക്ടിലെ 3, 5 എന്നീ വകുപ്പ് പ്രകാരം കേസെടുത്തത്.

കമ്പനിയുടെയും മാനേജിങ് ഡയറക്ടർമാരുടെയും പേരിലുള്ള 18 ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ഇതിൽ എട്ട് അകൗണ്ടുകളിലായി 49 കോടി രൂപയുടെ വിനിമയം നടന്നതായും 11.66 കോടി രൂപ ബാക്കിയിരിപ്പും കണ്ടെത്തി. ജി.ബി.ജി കമ്പനിയുടെയും ഡയറക്ടർമാരുടെയും പേരിൽ ആഡംബര വാഹനങ്ങളും കേരള, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ കണ്ടുകെട്ടുന്നതിനും റിപ്പോർട്ട് നൽകുമെന്നും പോലീസ് ചാനൽ ആർ.ബിയോട് പറഞ്ഞു.

2022 ആഗസ്റ്റ് 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ മൂന്ന് തവണയായി കുണ്ടംകുഴി പുത്തിയടുക്കം വീട്ടിൽ എം.കിഷോറിൻ്റെ ഭാര്യ ബി.വിജയശ്രീയുടെ (28), പക്കൽ നിന്നും 1,60,000 രൂപ നിക്ഷേപമായി തട്ടിയെടുത്തു. പുത്തിയടുക്കം ശിവഭവനത്തിൽ വിജയകുമാറിൻ്റെ ഭാര്യ എം.ശ്രീമതിക്ക് (58), രണ്ട് ലക്ഷത്തി പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. ഇതിന് പുറമെ 2500 രൂപയ്ക്ക് ബിറ്റ് കോയിൻ മോഡലിൽ 100 ജി.ബി.ജി കോയിൻ സംഘം അങ്ങോട്ട് കൈമാറിയാതായി വിവരമുണ്ട്. 2022 മെയ് മാസത്തിൽ മുതൽ ആറ് തവണയായാണ് എം.ശ്രീമതി കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ബി.ജി നിധിയിലും ബിഗ് പ്ലസ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചത്.

കാനത്തൂർ നെയ്യങ്കയത്തെ പി.ജയാനന്ദൻ്റെ (42) പക്കൽ നിന്ന് അമ്പതിനായിരം രൂപ എൺപത് ശതമാനം പലിശ വാഗ്ദാനം ചെയ്ത് 2022 ആഗസ്റ്റ് 25നാണ് സംഘം മനിക്ഷേപമായി വാങ്ങിയത്. മുന്നാട് കുളിയൻ മരത്തിലെ പി.ഹരിചന്ദ്രൻ്റെ (48) പക്കൽ നിന്നും അമ്പതിനായിരം രൂപയും കോളേജ് അധ്യാപികയും എടപ്പണിയിലെ അരുൺ നാരായണൻ്റെ ഭാര്യയുമായ കാവ്യ ബാലനിൽ (25), നിന്നും 25,000 രൂപയുമാണ് ഒക്ടോബർ 22ന് ജി.ബി.ജി നിധി സംഘം നിക്ഷേപമെന്ന വ്യാജേന തട്ടിയെടുത്തത്.

ബേഡഡുക്ക എടപ്പണിയിലെ അമ്പുവിൻ്റെ മകൻ ടി.രാമകൃഷ്ണന് (47), നഷ്ടമായത് അറുപതിനായിരം രൂപയും, എടപ്പണി പാറക്കടവിലെ പി.തങ്കമണിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയും, കുണ്ടംകുഴി ബഡ്ക്കിക്കണ്ടത്തെ ബസ് ഡ്രൈവർ വി.സുജിത്തിന് (35), നഷ്ടമായത് അമ്പതിനായിരം രൂപയുമാണ്. വസ്‌തു വിൽപനയുടെ ഭാഗമായി ലഭിച്ച അഡ്വാൻസ് തുകയും സംഘം രണ്ടുപേരിൽ നിന്നും തട്ടിയെടുത്തു. കുണ്ടംകുഴി ചൂളിക്കാട്ടെ ശശീന്ദ്രൻ്റെ ഭാര്യ സി.കെ രമ്യ (34), തൻ്റെയും സഹോദരൻ്റെയും ഉടമസ്ഥതിയുള്ള സ്ഥലം വിൽപന നടത്താൻ വാങ്ങിയ അഡ്വാൻസ് തുകയായ രണ്ടുലക്ഷം രൂപയാണ് കുണ്ടംകുഴിയിലെ ഈ കമ്പനിയിൽ നിക്ഷേപിച്ചത്.

ബേഡകം പന്നടുക്കംതോലിലെ രാഘവൻ നായരുടെ മകൻ സി.സുനിൽ (42), സ്വത്ത് വിൽപനയുടെ ഭാഗമായി ലഭിച്ച അഡ്വാൻസ് തുകയായ രണ്ടുലക്ഷം രൂപയും ഭാര്യയുടെ പേരിൽ രണ്ടുലക്ഷം രൂപയും ജി.ബി.ജി നിധിയിൽ നിക്ഷേപിച്ചിരുന്നു. സൈനികനായ ഇദ്ദേഹത്തെയും തട്ടിപ്പ് സംഘം വഞ്ചിച്ചു. ബേഡകം പോലീസ് നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാഴാഴ്‌ച റജിസ്റ്റർ ചെയ്ത 17 കേസ്സുകൾ കൂടിയായതോടെ വിനോദ് കുമാറിനും സംഘത്തിനുമെതിരെ 18 വഞ്ചനാ കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്.

വരും ദിവസങ്ങളിൽ ജി.ബി.ജി നിധി, ബിഗ് പ്ലസ് സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കാനിടയുണ്ട്. ജനുവരി 22ന് വിനോദ് കുമാറിൻ്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചത്. ഇതോടെയാണ് കേസുകൾ റജിസ്റ്റർ ചെയ്‌ത് പോലീസ് അന്വേഷണം കടുപ്പിച്ചത്.

0Shares