
സിനിമാ പ്രമോഷൻ ചടങ്ങിന് കോഴിക്കോട്ടെ സ്വകാര്യ മാളിൽ എത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പന്തീരങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക. ചൊവ്വാഴ്ച കോഴിക്കോട്ടെ മാളിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ് രണ്ടുനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായ നടി ഇക്കാര്യം ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ഇന്ന് രാവിലെ ഇവരുടെ പ്രമോഷൻ പരിപാടി നടത്തിയ സിനിമയുടെ നിര്‍മ്മാതാക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചു. കോഴിക്കോട് നിന്നും നടിമാരിൽ ഒരാൾ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോൾ മറ്റൊരാൾ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരേയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ വനിതാ പൊലീസ് സംഘം പോയിട്ടുണ്ട്. മാളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

മോശം അനുഭവത്തെ തുടർന്ന് ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്. ഷോപ്പിംഗ് മാളിലെ ജീവനക്കാരിൽ നിന്നുൾപ്പെടെ പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി അതിക്രമം നടത്തിയ ആളുകളെ ഏറെക്കുറെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസ് എടുത്ത ഉടനെ തന്നെ സി.സി. ടി.വി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധയേമാക്കും. പരിപാടി നടത്തിയ സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
