
കൊച്ചിയിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ പോലിസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഘം, നിയവിരുദ്ധമായി തടഞ്ഞുവെയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് പ്രതി മാർട്ടിനെതിരെ ചുമത്തിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ കഴിഞ്ഞ ജൂൺ 10 നാണ് പോലിസ് ഇയാളെ അറസ്റ്റു ചെയ്തത്. തൃശൂർ വനമേഖലയിൽ പേരാമംഗലം അയ്യൻ കുന്ന് എന്ന് സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിനെ തൃശൂർ മെഡിക്കൽ കോളജ് പോലിസ്,എറണാകുളം സെൻട്രൽ പോലിസ് എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഷാഡോ പോലിസ് ഉൾപ്പെടെയുള്ള വൻ പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

എറണാകുളം മറൈൻഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂർ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലിൽ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു.
ഇതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയെടുക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി ഫ്‌ളാറ്റിന്പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലിൽ വെച്ച് പീഡനം തുടർന്നു.
ഒടുവിൽ മാർട്ടിന്‍റെ കണ്ണ് വെട്ടിച്ച് യുവതി ഫൽറ്റിൽ നിന്ന് രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയിൽ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലിസ് എഫ്ഐആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടയിൽ അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കുകയും എല്ലാ വിമാനത്താവളങ്ങളിൽ വിവരം നൽകുകയും ചെയ്തിരുന്നു.
ഇതിനിടയിൽ പ്രതി മാർട്ടിൻ മുൻകൂർ ജാമ്യം തേടി കോടതിയ സമീപിച്ചിരുന്നു. തുടർന്ന് പോലിസ് കോടതിയെ കാര്യം ബോധ്യപ്പെടുത്തി ജാമ്യാപേക്ഷ തള്ളിച്ചിരുന്നു.ഇതിനിടയിൽ പെൺകുട്ടി ഏറ്റുവാങ്ങിയ ക്രൂരമായ പീഡനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുന്ന വന്നിരുന്നു. തുടർന്ന് ഏതു വിധേനയും പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്ന പോലിസ് തുടർന്ന് മൂന്നു ദിവസം നീണ്ടു നിന്ന അധ്വാനത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
