പി.എഫ്.ഐ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളി, പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു; കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പി.എഫ്.ഐ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളി, പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു; കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ്

കൊച്ചി: ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സംഘടിപ്പിച്ച റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്നയാളുടെ തോളിൽ ഇരുന്ന് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നത് കണ്ട കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു. കൊച്ചിയിൽ ക്യാമ്പ് ചെയ്‌ത ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പള്ളുരുത്തിയിലെ അവരുടെ വസതിയിൽ നിന്നും രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുപോകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടിയുടെ കുടുംബത്തെ പള്ളുരുത്തിയിൽ കണ്ടെത്താൻ കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സംഘം കൊച്ചിയിൽ ക്യാമ്പ് ചെയ്തിരുന്നെങ്കിലും വീട് പൂട്ടിയ നിലയിൽ ആയതിനാൽ ആരെയും കസ്റ്റഡിയിൽ എടുക്കാനായില്ല. വെള്ളിയാഴ്ച രാത്രിയാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് റാലിയില്‍ കുട്ടി മുദ്രാവാക്യം മുഴക്കിയത്. ഇതിൻ്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പള്ളുരുത്തിയില്‍ നിന്നും കുടുംബത്തെ കാണാതെ ആകുകയായിരുന്നു. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെയും കുടുംബത്തെയും പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത്രയും നാള്‍ ഇവര്‍ എവിടെയായിരുന്നു എന്നതും ദുരൂഹമാണ്.

തങ്ങൾ വിനോദ യാത്രയിലാണെന്നും സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ച് അറിയില്ലെന്നും കുടുംബം മൊഴി നൽകിയതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇത്ര വിവാദമായ സംഭവം അറിഞ്ഞില്ലെന്ന വാദം അവിശ്വസനീയമാണെന്നാണ് പോലീസ് കരുതുന്നത്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം പി.എഫ്.ഐ പ്രവർത്തകർ വീടിന് മുന്നിലെ റോഡിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

0Shares