
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിൻ്റെ കൊലപാതകം കേരള സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. യു.പി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് എന്നയാളാണ് പ്രതി.
അടിപിടിക്കേസില്‍ പരിക്ക് പറ്റിയ ഇയാളെ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ദാരുണസംഭവം. ഡോ. വന്ദനയെയും സഹപ്രവർത്തകരെയും പോലീസിനെയും പ്രതി ആക്രമിക്കുകയായിരുന്നു. ആറു തവണയാണ് തുടരെ കുത്തിയത്. സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും വനിതാ ഡോക്‌ടറുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഡ്രസ്സിംഗ് റൂമില്‍ നിന്ന് പൊലീസ് പുറത്തിറങ്ങാന്‍ കാരണം സര്‍ക്കാര്‍ ഉത്തരവ്
ഡോ. വന്ദനയെ ആക്രമിച്ച സമയത്ത് പൊലീസ് ഒപ്പമുണ്ടായിരുന്നില്ല. ഡ്രസ്സിംഗ് റൂമില്‍ നിന്ന് അവര്‍ പുറത്തിറങ്ങിയിരുന്നു. ഡോക്‌ടർമാർ തന്നെ സമ്പാദിച്ച ഉത്തരവാണ് ഇതിന് വഴിവച്ചത്.

പ്രതിയെ ഡോക്‌ടർ പരിശോധിക്കുമ്പോള്‍ പൊലീസ് അടുത്തു നില്‍ക്കരുതെന്ന് 2022 ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഒപ്പം വരുന്ന പൊലീസുദ്യോഗസ്ഥര്‍ ഡോക്‌ടറും പ്രതിയും തമ്മിലുള്ള സംസാരം കേള്‍ക്കാതെ ദൂരെ മാറി നില്‍ക്കണമെന്നാണ് ഉത്തരവ്.
താനൂര്‍ സ്വദേശിയും താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ.പ്രതിഭയാണ് ഹൈക്കോടതിയില്‍ നിന്ന് ഈ ഉത്തരവ് സമ്പാദിച്ചത്. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
ഡോക്ടര്‍- പ്രതി ആശയ വിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി. എന്നാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കഴിയാത്തത്ര അകലം പൊലീസ് പാലിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടെങ്കില്‍ പ്രതിയോട് ചോദിച്ചു മനസിലാക്കാന്‍ ഇതനുസരിച്ച് ഡോക്‌ടര്‍ക്ക് അവസരമുണ്ട്. പ്രതികളുടെ മുന്‍കാല രോഗ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യാം.
കസ്റ്റഡി പീഡനങ്ങള്‍ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോള്‍ പൊലീസ് സാന്നിദ്ധ്യം ഒഴിവാക്കണമെന്നത്.
