കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: അന്വേഷണം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിന്

You are currently viewing കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: അന്വേഷണം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിന്

പയ്യന്നൂർ / കണ്ണൂർ: കൈക്കൂലി ആരോപണ വിധേയരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ജി.അശോക് യാദവ് ഐ.പി.എസിൻ്റെ ഉത്തരവ് പ്രകാരം കണ്ണൂർ റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം അന്വേഷണം തുടങ്ങി. കഞ്ചാവ് കേസിലുൾപ്പെട്ട പ്രതിയുടെ കാർ വിട്ടു നൽകാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് 60,000 രൂപ വാങ്ങിയ നോർത്ത് കുപ്പം സ്വദേശി 30,000 രൂപ പഴയങ്ങാടി ഇൻസ്പെക്ടർക്ക് നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്.

പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ, കഴിഞ്ഞമാസം പുതുതായി സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ച പി.ജെ ജിമ്മി, പയ്യന്നൂരിൽ കഴിഞ്ഞാഴ്ച ചുമതലയേറ്റ ഗ്രേഡ് എസ്.ഐ ശാർങധരൻ എ.ആർ എന്നിവരെയാണ് ഐ.ജി കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം പഴയങ്ങാടിയിൽ പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ എസ്.ഐ പി.ജെ ജിമ്മിയാണ് വാഹന പരിശോധനക്കിടെ മാട്ടൂൽ സ്വദേശിയായ യുവാവിനെ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി പിടികൂടിയത്. എന്നാൽ പോലീസ് എഫ്.ഐ.ആറിൽ കഞ്ചാവ് എന്നാക്കി ലഘൂകരിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു എന്നാണ് പരാതി.

പോലീസ് ഒത്തുകളിയിൽ കാറുമായി പുറത്തിറങ്ങിയ യുവാവ് കാറിൽ സൂക്ഷിച്ച എം.ഡി.എം.എ തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ പോലീസ് നിർദ്ദേശ പ്രകാരം കുപ്പം പുഴയിൽ വലിച്ചെറിഞ്ഞ് കടന്നു കളയുകയായിരുന്നുവെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എഫ്.ഐ.ആറിൽ എം.ഡി എം.എക്ക് പകരം കഞ്ചാവ് കയറിയത് പോലീസ് ഉദ്യോഗസ്ഥരിൽ ആരുടെ നിർദേശ പ്രകാരമാണെന്ന ചോദ്യത്തിനിടയിലാണ് പണം ഗൂഗിൾ പേ ചെയ്തതിൻ്റെ വിവരവും പുറത്തുവന്നത്.

രാജ്യാന്തര ബന്ധമുള്ള ഇടനിലക്കാരനെ അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ ഗൗരവകരമായ കാര്യങ്ങൾ പുറത്തുവരും. അതേസമയം പഴയങ്ങാടി സ്റ്റേഷനിൽ സമീപ നാളുകളിലായി നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടായത്. കൈകൂലിയിൽ വിജിലൻസ് കേസിൽപെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ ജയിലിലുമാണ്. സ്കൂൾ തുറന്നതോടെ ബസ് സ്റ്റാൻ്റിലെയും പരിസരത്തെയും സ്ഥിതിഗതികൾ പരിതാപകരമായിട്ടുണ്ട്. തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിന് താൽക്കാലിക ചുമതല നൽകാൻ റൂറൽ ജില്ലാ എസ്.പി.നിർദേശം നൽകിയിട്ടുണ്ട്.

0Shares