
പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്‌കരണ ആഹ്വാനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. “പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു” എന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തെ പരിഹസിച്ചു.
മോദി സർക്കാരിൻ്റെ കടുത്ത വിമർശകനായ കോൺഗ്രസ് നേതാവ് പാർലമെന്റിനെ ‘ജനങ്ങളുടെ ശബ്ദം’ എന്നാണ് വിശേഷിപ്പിച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച് എത്തിയ പ്രധാനമന്ത്രി മോദി പുതിയ പാർലമെന്റ് മന്ദിരം തുറക്കുന്നതിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കൊപ്പം “ഗണപതി ഹോമം” നടത്തി.
തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളിലെ ഉന്നത പുരോഹിതന്മാരില്‍ നിന്നും പ്രധാനമന്ത്രി അനുഗ്രഹം തേടി, തുടർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോല്‍ സ്ഥാപിച്ചു. 20-ഓളം പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു, പ്രസിഡന്റ് ദ്രൗപതി മുർമു നിർവഹിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ജനാധിപത്യത്തിന് നേരെയുള്ള കടുത്ത അപമാനവും നേരിട്ടുള്ള ആക്രമണവുമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ഉദ്ഘാടനത്തെ വിശേഷിപ്പിച്ചത്. കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറി (കമ്മ്യൂണിക്കേഷൻസ്) ജയറാം രമേഷ് തൻ്റെ ഏറ്റവും പുതിയ ട്വിറ്റർ പോസ്റ്റിൽ പ്രധാനമന്ത്രി മോദിയെ ‘പാർലമെന്ററി നടപടിക്രമങ്ങളെ വെറുക്കുന്ന, സ്വേച്ഛാധിപത്യ പ്രധാനമന്ത്രി’ എന്നും വിശേഷിപ്പിച്ച് ബി.ജെ.പി ക്യാമ്പിനെതിരെ വീണ്ടും ആക്രമണം ശക്തമാക്കി.
