വിമാന അപകടം: നാല് വയസുകാരി മരിച്ചെന്ന വാർത്ത തെറ്റാണെന്ന്‌ ബന്ധുക്കളും പോലീസും: തിരുത്താൻ തയാറാകാതെ മനോരമ

  • Post category:news
  • Reading time:1 min read
You are currently viewing വിമാന അപകടം: നാല് വയസുകാരി മരിച്ചെന്ന വാർത്ത തെറ്റാണെന്ന്‌ ബന്ധുക്കളും പോലീസും: തിരുത്താൻ തയാറാകാതെ മനോരമ

കരിപ്പൂർ വിമാനാപകടത്തിൽ മുതുതല സ്വദേശി രവി ശങ്കറിന്റെ നാലു വയസ്സുകാരി മകൾ അയന മരിച്ചെന്ന വ്യാജവാർത്ത തെറ്റാണെന്ന്‌ പറഞ്ഞിട്ടും തിരുത്താതെ മനോരമ, ഏഷ്യാനെറ്റ്‌ ചാനലുകൾ. കുട്ടി മരിച്ചതായി ചാനലിലൂടെ കണ്ട ബന്ധുക്കളും നാട്ടുകാരും ഞെട്ടലിൽ നിന്ന്‌ മാറിയില്ല. അച്ഛനും അമ്മയും പെരിന്തൽമണ്ണയിലെ ആശുപത്രിയിലും അയന കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിലുമായിരുന്നു.

ചാനലിൽ വാർത്ത വരുന്നതിന്‌ മുമ്പ്,‌ സുരക്ഷിതരാണ് എന്ന സന്ദേശമാണ്‌ വിട്ടുകാർക്ക് ലഭിച്ചത്. കുട്ടി സുരക്ഷിതയാണെന്ന് ബന്ധുക്കൾ കോഴിക്കോട് ചാനൽ ഓഫീസിൽ വിളിച്ച്‌ അറിയിച്ചെങ്കിലും ശനിയാഴ്ച പുറത്തിറങ്ങിയ മലയാള മനോരമയുടെ പാലക്കാട് ഒഴിച്ചുള്ള എഡിഷനുകളിൽ കുട്ടിയുടെ മരണവാർത്തയുണ്ട്‌.

ശനിയാഴ്‌ച രാവിലെ ആറിന്‌ ചാനൽ ഓഫീസിൽ വിളിച്ചെങ്കിലും വാർത്ത തിരുത്താൻ തയ്യാറല്ല എന്ന മറുപടിയാണ്‌ ലഭിച്ചതെന്ന്‌ ബന്ധുക്കൾ പറഞ്ഞു. വാർത്ത എഡിറ്റ്‌ ചെയ്‌ത്‌ കൊടുത്തയാൾ ജോലി കഴിഞ്ഞ്‌ പോയി എന്നും വന്നശേഷമാണ്‌ തിരുത്താൻ കഴിയുക എന്നും അറിയിച്ചു. കുട്ടി മരിച്ചിട്ടില്ല എന്ന്‌ പട്ടാമ്പി പോലീസും ചാനൽ ഓഫീസിൽ വിളിച്ച്‌ അറിയിച്ചിട്ടും ഇതുവരെ തിരുത്താൻ തയ്യാറായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

മുതുതല അഴകത്ത് മനയിൽ രവിശങ്കർ, ഭാര്യ താര, മകൾ അയന എന്നിവർക്കൊപ്പം സഹോദരൻ പരമേശ്വരനും വിമാനത്തിലുണ്ടായിരുന്നു. സെപ്തംബർ 10ന് പരമേശ്വരന്‍റെ വിവാഹം തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് നാലുപേരും നാട്ടിലേക്ക് തിരിച്ചത്. ഇവരെല്ലാം സുരക്ഷിതരാണ്. അയനയുടെ തുടയെല്ലിനാണ് പരിക്ക്.

0Shares