
കാസര്‍കോട്: ജില്ലയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കാനായി ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാൻ ജില്ലാതല കൊറോണ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. തുടർച്ചയായി 14 ദിവസം ഏറ്റവും കൂടുതൽ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ഗ്രാമപഞ്ചായത്തിന് ജില്ലാ കളക്ടറുടെ പുരസ്‌ക്കാരം നൽകും.
പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പുരസ്‌കാരം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. മാസത്തിൽ ഒരു തവണ അധ്യാപകരും വിദ്യാർഥികളും കോവിഡ് പരിശോധന നടത്തണം. ഡി.എം.ഒ (ആരോഗ്യം) തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. സർക്കാർ ഓഫീസുകളിലെ ജീവനക്കാരും കോവിഡ് പരിശോധന ചലഞ്ച് ഏറ്റെടുക്കണം. എല്ലാ ജീവനക്കാരും നിർബന്ധമായും പരിശോധന നടത്തണം. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധിയിൽ കടകളിലെ മുഴുവൻ ജീവനക്കാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം. ഓരോ മാസവും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പുതുക്കണമെന്നും യോഗം നിർദേശിച്ചു. ഇത് ഉറപ്പു വരുത്തുന്നതിന് നഗരസഭ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

കോൾ അറ്റ് സ്‌ക്കൂൾ പദ്ധതി ഊർജിതമാക്കാനും കോൾ അറ്റ് കോളേജ് പദ്ധതി ആരംഭിക്കാൻ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ഇതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നതിന് ജില്ലയിലുള്ള ലാബ് സൗകര്യം പരിമിതമാണ്. എങ്കിലും പരമാവധി പരിശോധന നിലവിലുള്ള ലാബുകളിൽ നടത്തും.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്‌പോർട്‌സ് ടൂർണമെൻറുകൾ സംഘടിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ രോഗികളുടെ എണ്ണത്തിലുള്ള കുറവ് കോവിഡ് പ്രതിരോധത്തിന്‍റെ ഫലമാണെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ജാഫർ മാലിക്ക് പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും രോഗവ്യാപനം തടയണം. കോവിഡ് പരിശോധന നാലായിരമായി വർധിപ്പിക്കണമെന്നും വാർഡ്തല ജാഗ്രത സമിതികളും തദ്ദേശഭരണ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിൽ എ.ഡി.എം അതുൽ എസ്. നാഥ്, ഡി.വൈ.എസ്പി ജെയ്‌സൺ കെ. എബ്രഹാം, ഡി.ഡി.ഇ കെ. വി പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.
