തദ്ദേശ തെരഞ്ഞെടുപ്പ്:ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചരണ വേദിയാക്കരുത്

  • Post category:local news / news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ്:ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചരണ വേദിയാക്കരുത്

കാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദികളാക്കാന്‍ പാടില്ല. ജാതി, മതവികാരങ്ങള്‍ മുതലെടുത്ത് വോട്ടുപിടിക്കുന്നതും കുറ്റകരമാണ്. ദൈവങ്ങളുടെയോ ആരാധനാമൂര്‍ത്തികളുടെയോ ചിത്രം ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ സ്ഥാനാര്‍ത്ഥികള്‍ വിതരണം ചെയ്യുന്നതും കുറ്റകരമാണ്.

പ്രചരണ പ്രവര്‍ത്തനങ്ങളില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ, ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കാനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.

അതേപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ കളിസ്ഥലമോ തെരഞ്ഞെടുപ്പ് പ്രചരണ വേദികളാക്കരുത്. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുകയും അത് വരണാധികാരിയുടെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍റെയോ മുന്‍പാകെ മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കുകയും ചെയ്യണം.

0Shares