
ചെന്നൈയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത്ഷായ്ക്ക് നേരെ പ്ലക്കാഡ് എറിഞ്ഞു. വാഹനത്തിൽ നിന്നിറങ്ങി ബി.ജെ.പി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.അമിത്ഷായുടെ സന്ദർശനത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അമിത്ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻന്റിങ്ങാണ്.

ചെന്നൈ എയർപോർട്ടിന് പുറത്തുള്ള ജി.എസ്ടി റോഡിലൂടെയാണ് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായി നടന്നത്. അപ്രതീക്ഷിതമായാണ് പ്രോട്ടോക്കോൾ ഒഴിവാക്കി ആഭ്യന്തരമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങി റോഡിലൂടെ നടന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം ഉൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ എത്തിയാണ് ചെന്നൈയിൽ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.
എം.ജി.ആറിന്‍റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്. ബി.ജെ.പി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് അമിത്ഷാ തമിഴ്‌നാട്ടിൽ എത്തിയത്.
