
ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി പിണറായി സര്‍ക്കാരിൻ്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ഏത് അവസരവും ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്.

കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണ് ഇവിടെ നടക്കുന്നത്. ലൈഫ്മിഷന്‍ തട്ടിപ്പ്, എഐ ക്യാമറ തട്ടിപ്പ് തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ടാണ്. ശാസ്ത്രീയമായരീതിയില്‍ എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി പരിശീലിക്കുന്നത്.
ഇനിയൊരിക്കലും ഭരണത്തില്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയന്‍. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കൊള്ള സര്‍ക്കാരാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിലക്കയറ്റം ഇത്രയും രൂക്ഷമായ കാലഘട്ടമുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിൻ്റെ ശക്തമായ ഇടപെടല്‍ കാരണം പണപ്പെരുപ്പം കുറഞ്ഞിട്ടും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമാണ്.
യഥാ രാജാ തഥാ പ്രജ എന്ന പോലെ സി.പി.എമ്മുകാരും പിടിച്ചുപറി നടത്തുകയാണ്. മയക്കുമരുന്ന് കച്ചവടത്തിന് പിടിയിലാവുന്നവര്‍ക്കെല്ലാം സി.പി.എം ബന്ധമുണ്ട്. ക്രമസമാധാന നില തകര്‍ന്നത് പിണറായി സര്‍ക്കാരിന്റെ നേട്ടമാണ്. ഡോക്ടര്‍ കൊല്ലപ്പെടുന്നു. ആളുകളെ തല്ലിക്കൊല്ലുന്നു. ബോട്ടപകടത്തില്‍ ആളുകള്‍ മരിക്കുന്നു. എന്തിന് കാട്ടുപോത്ത് കുത്തി ജനങ്ങള്‍ മരണപ്പെടുകയാണ്. ഇവിടെ ആരുടെയും ജീവന് സുരക്ഷിതത്വം ഇല്ല. പോലീസിനെ നിയന്ത്രിക്കുന്നത് ലോക്കല്‍ സി.പി.എം നേതാക്കളാണ്. ഒരു നടപടിയുമെടുക്കാന്‍ പോലീസിന് സാധിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
