
ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ ദുഖമുണ്ടെന്നും വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത് തന്നെയാണെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എൻ രവീന്ദ്രനെ ചോദ്യം ചെയ്താൽ എല്ലാ വമ്പന്മാരുടെയും പങ്ക് പുറത്താകുമെന്നും സ്വപ്ന വെളിപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകളും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചെന്നും ബെംഗളുരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്ന ആരോപിച്ചു. ‘ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ ദുഃഖമുണ്ട്. എന്നാൽ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ട ഓരോരുത്തരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് എൻ്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാൻ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ, മകൾ തുടങ്ങി എല്ലാം പുറത്ത് വരണം.
കേസിൽ കടലിനടയിലെ എല്ലാ വമ്പൻ സ്രാവുകളേയും പുറത്ത് കൊണ്ടുവരാനാണ് താൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നാലും ഇതിൽ നിന്ന് പിൻമാറില്ല. ഈ ആളുകൾക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവർ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിൻ്റെ അറസ്റ്റ്’ – സ്വപ്‌ന പറഞ്ഞു.
‘വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ കൂടി ഇതിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. അതാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി .എൻ രവീന്ദ്രൻ. അദ്ദേഹത്തെ ചോദ്യം ചെയ്താൽ ഒരുപാട് കാര്യങ്ങൾ പുറത്തുവരും. മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ പങ്ക് പുറത്ത് വരും. ബിരിയാണി ചെമ്പ്, മുഖ്യമന്ത്രിയുടെ ബാഗേജ്, ഷാർജ ഭരണാധികാരിയുടെ സന്ദർശനം എല്ലാം പുറത്ത് വരിക തന്നെ ചെയ്യും.

യു.എ.ഇയിൽ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. നിങ്ങൾ കാത്തിരുന്ന് കാണൂ. വാങ്ങിക്കുന്ന ശമ്പളത്തിനുള്ള ജോലി ചെയ്യുക എന്നല്ലാതെ മറ്റൊന്നും ഞാൻ ചെയ്തില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളതുകൊണ്ട് എതിർക്കാൻ പറ്റിയില്ല. അടുത്ത മണിക്കൂറിൽ ഞാനും പ്രതിയായേക്കാം. ഇതുവരെ സമൻസ് വന്നിട്ടില്ല. അന്വേഷണം ഇപ്പോൾ ശരിയായ രീതിയിൽ തന്നെയാണ് പോകുന്നത്. എല്ലാ പ്രോജക്ടിലും കൈയിട്ട് വാരുന്നയാളാണ് രവീന്ദ്രൻ.’- സ്വപ്‌ന കൂട്ടിച്ചേർത്തു.
