രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില ഉടന്‍ കുറയും; കാരണം അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില ഉടന്‍ കുറയും; കാരണം അറിയാം

രാജ്യത്തെ പെട്രോള്‍- ഡീസല്‍ വില ഉടന്‍ കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ധന ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്ക് പ്ലസ് ഉത്പാദനതോത് കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് പെട്രോള്‍ – ഡീസല്‍ വില കുറയാന്‍ സാധ്യത തെളിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യത്തിനനുസരിച്ചുള്ള ഇന്ധന ഉത്പാദനം നടക്കാത്തതിനാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോള്‍ – ഡീസല്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഒപെക്ക് രാഷ്ട്രങ്ങളോടൊപ്പം റഷ്യയും കൂടി ചേര്‍ന്നതാണ് ഒപെക്ക് പ്ലസ് സംഘടന. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 4,00,000 ബാരല്‍ അധികമായി ഉത്പാദിപ്പിക്കാനാണ് ഒപെക്ക് തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ പ്രതിദിനം 20 ലക്ഷം ബാരലുകളുടെ ഉത്പാദനം നടക്കും. ഇന്ത്യക്ക് ഒരു ദിവസം ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ 44 ശതമാനം ആണിത്. ഇതുകൂടാതെ ഇന്ത്യ ഇന്ധനം വാങ്ങിക്കുന്ന യു എ ഇ, ഇറാക്ക്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങളുടെ നിലവിലെ ക്വാട്ട വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും പരോക്ഷമായി ഇന്ത്യക്ക് ഗുണകരമായി തീരുമെന്നാണ് വിലയിരുത്തല്‍.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ദ്ധന ഇരു സഭകളിലും കത്തികയറുമെന്നത് ഉറപ്പാണ്. ഇന്ധനവില കുറച്ചെങ്കിലും കുറയുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയാല്‍ തന്നെ പ്രതിപക്ഷ പ്രതിഷേധത്തെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്.

0Shares