പെരിയ ഇരട്ടകൊലപാതകം: കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം; ആവശ്യവുമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ടകൊലപാതകം: കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം; ആവശ്യവുമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍

കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതക കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍. കേസ് സി.ബി.ഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഒമ്പത് മാസമായിട്ടും വിധി ഇല്ല. വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി നാളെ പരിഗണിക്കും. കേസില്‍ അന്വേഷണം തുടങ്ങാനാകുന്നില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.പി.എം നേതാവ് പീതാംബരന്‍ അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സി.ബി.ഐ വെളിപ്പെടുത്തല്‍. കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഒമ്പത് മാസമായിട്ടും വിധിപറയാത്തതാണ് അന്വേഷണം തടസ്സപെടുത്തിയത്.

ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്. പോലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.

2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല.

0Shares