ഏഷ്യാനെറ്റ് ന്യൂസിന്‍റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങള്‍ക്കറിയാം; എം.ബി രാജേഷിന്‍റെ വാക്കുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഏഷ്യാനെറ്റ് ന്യൂസിന്‍റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങള്‍ക്കറിയാം; എം.ബി രാജേഷിന്‍റെ വാക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസിന്‍റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങള്‍ക്കറിയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ്. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ ചാനലില്‍ നിന്ന് മാറിനില്‍ക്കുന്നത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ‘ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ പോസിറ്റീവായാണ് സ്വീകരിച്ചത്’, അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് ടെലിവിഷന്‍ മാത്രമല്ല ജനങ്ങളുമായി സംവദിക്കാനുള്ള ഇടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യങ്ങളെ ഭയന്നിട്ടല്ല, പ്രതിനിധികളെ അവഹേളിച്ചതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി.പി.എം തീരുമാനിച്ചതെന്നും രാജേഷ് പറഞ്ഞു.

ജൂലൈ 19 ലെ ഏഷ്യനെറ്റ് ന്യൂസിന്‍റെ ചര്‍ച്ചയ്ക്കിടെ, തന്നെ സംസാരിക്കുന്നതില്‍ നിന്ന് 18 തവണയാണ് അവതാരകന്‍ വിലക്കിയതെന്ന് രാജേഷ് പറയുന്നു. പി. രാജീവിനും എം. സ്വരാജിനും ഇതേ അവസ്ഥയാണ് മുന്‍പുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന പാനല്‍ സന്തുലിതമല്ലെന്നും രാജേഷ് പറഞ്ഞു. 4:1 എന്ന അനുപാതത്തിലാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന രണ്ട് ‘സ്വതന്ത്ര നിരീക്ഷകരേയും’ ചര്‍ച്ചയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.‌

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനാലും ചോദ്യം ചെയ്യുന്നതിനാലുമല്ല ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും തങ്ങളുടെ നേതാക്കളെ വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ് കാരണമെന്നും രാജേഷ് പറഞ്ഞു. സ്വരാജ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവവും രാജേഷ് ചൂണ്ടിക്കാണിച്ചു. നിഷ്പക്ഷമല്ലാത്ത ചാനലുകളില്‍പ്പോലും തങ്ങള്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares