
കോട്ടയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിൻ്റെ വീട്ടില്‍ റെയ്‌ഡ്. കോട്ടയം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്നാണ് ആരോപണം.
വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദിലീപിൻ്റെ സഹോദരൻ്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചിരുന്നു. ഈ സമയമാണ് കേസ് അട്ടിമറിക്കാന്‍ ഉണ്ടാക്കിയ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ കണ്ടെത്തിയത്.

ദിലീപിനെ പൂട്ടണം എന്ന പേരിലായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മഞ്ജുവാര്യര്‍ അടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ നമ്പരുകള്‍ ഉപയോഗിച്ചാണ് ഗ്രൂപ്പുണ്ടാക്കിയതെന്നാണ് സൂചന. ഇവര്‍ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന പ്രതീതി ഉണ്ടാക്കാനായി ചാറ്റ് ചെയ്തു.
പി.സി ജോര്‍ജിൻ്റെ മകന്‍ ഷോണ്‍ ജോര്‍ജിന് വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് റെയ്‌ഡ് നടത്തുന്നത്. അറസ്റ്റിലായിരുന്ന സമയത്ത് ദിലീപിനെ കാണാന്‍ ഷോണ്‍ ജോര്‍ജ് പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
