
തിരുവനന്തപുരം: പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്‌തത്. സോളര്‍ കേസ് പ്രതിയായ സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്. 354, 354(എ) തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പി.സി ജോർജിനെതിരായ കേസ്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡന പരാതിയുള്ള വിവരം പി.സി.ജോർജിനെ പോലീസ് അറിയിക്കുകയായിരുന്നു.

വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസില്‍ സാക്ഷിയായ യുവതി നല്‍കിയ പരാതി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി.സി ജോര്‍ജിനെ ചോദ്യം ചെയ്‌തത്. ഈ വര്‍ഷം ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പി.സി ജോർജ് കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇരയുടെ പേര് അധിക്ഷേപിച്ചു കൊണ്ട് പരസ്യമായി വിളിച്ചു പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ വനിതാ മാധ്യമ പ്രവർത്തകയോട് തട്ടിക്കയറി സംസാരിച്ചു. പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ശരിയാണോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകയാണ് ചോദിച്ചത്. എന്നാല്‍ നിങ്ങളുടെ പേര് പറയാമെന്നായിരുന്നു മറുപടി. സംഭവത്തിൽ പി.സി ജോര്‍ജിനെതിരെ പ്രതിഷേധം ഉയർന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പി.സി. ജോര്‍ജിനെ ശനിയാഴ്‌ച ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് പ്രതികള്‍.

കേസില്‍ സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരുടെ മൊഴി വെള്ളിയാഴ്‌ച രേഖപ്പെടുത്തിയിരുന്നു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
