
നെല്ലിക്കട്ട/ കാസർകോട്: പി.ബി.എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി. ബി. ഷഫീഖ് ഉദ്‌ഘാടനം ചെയ്തു. നല്ല മക്കളെ വാർത്തെടുക്കാൻ നല്ല സമൂഹ നിർമ്മിതിക്ക് കാലിക പ്രസക്തമായ സംഭവങ്ങളിൽ ആകുലതപ്പെട്ടു കൊണ്ട് മക്കളെ നേർവഴിക്കു നയിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പങ്കാളിയാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു
വിദ്യാലയത്തിൻ്റെ വികസനവും പഠനനിലവാരവും വാർഷിക അവലോകനവും അവതരിപ്പിച്ചുകൊണ്ട് ഈ പരിപാടിയിലേക്ക് എല്ലാവരെയും പ്രിൻസിപ്പാൾ നിസാം ബോവിക്കാനം സ്വാഗതം ചെയ്തു. അർപ്പണ ബോധത്തോടെ പ്രയത്നിക്കുന്ന അധ്യാപകരെ, വിദ്യാലയത്തിലെ മറ്റു അംഗങ്ങളെ, രക്ഷിതാക്കളെ, വിദ്യാർത്ഥി, വിദ്യാർത്ഥിനികളെയും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ അഭിനന്ദിച്ചു.
വിദ്യാലയത്തിൻ്റെ വളർച്ച മാത്രമല്ല ഭാവി വാഗ്ദാനങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്ന വാതായനമാണ് പി.ബി.എമ്മെന്നും ഇത്തവണ മുഴുവൻ A+ കിട്ടിയ 20 കുട്ടികളെയും അഭിനന്ദിച്ചുകൊണ്ട് പ്രിൻസിപ്പാൾ പറഞ്ഞു. അകാലത്തിൽ അണഞ്ഞു പോയ പി.ബി.എം. സ്ഥാപക നേതാവ് പി.ബി. അബ്ദുൽ റസാഖ് (പ്രിയപ്പെട്ട റദ്ദുച്ച) നെ സ്മരിച്ചു കൊണ്ട് പി.ടി.എ. പ്രസിഡന്റ് ബി.കെ. മുഹമ്മദ് കുഞ്ഞി പ്രവേശനോത്സവത്തിന് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് വിദ്യാലയത്തിൻ്റെ മികവിനെ അടയാളപ്പെടുത്തി സംസാരിച്ചു. മുൻ മാനേജർ ഇ. അബൂബക്കർ ഹാജി, ഇബ്രാഹിം നെല്ലിക്കട്ട, മക്കാർ മാസ്റ്റർ, പുരുഷോത്തമൻ നായർ, സലാം ചെർക്കള, ഇബ്രാഹിം കൊയർകൊച്ചി, ആയിഷ പൊവ്വൽ, അൻഷിഫ അർഷാദ്, ഹാരിസ് പൊവ്വൽ എന്നിവർ പ്രവേശനോത്സവത്തിന് ആശംസ അറിയിച്ചു.

A+ കിട്ടിയ മുഴുവൻ കുട്ടികൾക്കും ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നൽകിയും മെഡൽ ചാർത്തിയും സ്വീകരിച്ചു. പി.ബി.എം 30 ആം അഭിമാന വർഷത്തിൻ്റെ ജൈത്ര യാത്രയിലാണ്. ഐ.പി.ൽ. ഇംഗ്ലീഷ് കമന്ററിയിൽ സെലക്ഷൻ ലഭിച്ച പി.ബി.എം.ൻ്റെ പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് റഫീഖ് ചടങ്ങിൽ സംസാരിച്ചു. തൻ്റെ വിജയവും ഉയർച്ചയും പ്രോത്സാഹനവും പി.ബി.എം. ആണെന്ന് ആവേശത്തോടെ കുട്ടികൾക്ക് മുന്നിൽ റഫീഖ് പറഞ്ഞു. അക്കാഡമിക് കോർഡിനേറ്റർ രമ ടീച്ചർ നന്ദി രേഖപ്പെടുത്തി.
