
വ്യക്തിപ്രഭാവം പാർട്ടി തീരുമാനത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകേണ്ട എന്ന തീരുമാനത്തിൽ സി.പി.എമ്മിനെ എത്തിച്ചത്. കേന്ദ്രനേതൃത്വത്തിലും സംസ്ഥാനനേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയർന്നപ്പോൾ അത് പുതിയ കീഴ്‌വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്.
ഈ വാദത്തിന് എതിർശബ്ദവുമുണ്ടായില്ല. തീരുമാനമെടുക്കേണ്ട ഘടകമെന്നനിലയിൽ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും അവസാനഘട്ടത്തിൽ മാത്രമാണ് ഈ നിർദേശങ്ങളെല്ലാം വന്നത്. അതിനാൽ, ആസൂത്രണങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാൻ നേതാക്കൾക്കായി. രണ്ടാം സർക്കാരിൽ എങ്ങനെയാകണമെന്ന ധാരണ പി.ബി. അംഗങ്ങൾക്കിടയിലുണ്ടായിരുന്നു. പക്ഷേ, അതിനുശേഷംചേർന്ന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഇക്കാര്യം ചർച്ചയ്ക്കുവന്നില്ല.
പാർട്ടി മന്ത്രിമാരെക്കുറിച്ചുള്ള ചർച്ച അവസാനഘട്ടത്തിൽ മതിയെന്ന് തീരുമാനിച്ചു. ആദ്യം ഘടകകക്ഷികളുമായി ചർച്ചയും ധാരണയും. അതിനുശേഷം മുന്നണി അംഗീകാരം. ഒടുവിൽ പാർട്ടി മന്ത്രിമാരെ നിശ്ചയിക്കൽ ഇതായിരുന്നു പി.ബി. അംഗങ്ങളുണ്ടാക്കിയ ക്രമം. കോടിയേരിയും പിണറായിയും അത് നടപ്പാക്കാനുള്ള ചുമതലക്കാരായി. സി.പി.എം. മന്ത്രിമാരെ നിശ്ചയിക്കാൻ ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതിയോഗങ്ങൾ ചേരാൻ നേരത്തേ നിശ്ചയിച്ചതാണ്.
സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കേണ്ട പട്ടിക നേരത്തേ പി.ബി. അംഗങ്ങൾ തയ്യാറാക്കി. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായവരെ മറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകാമെന്ന നിർദേശം കോടിയേരിയും പിണറായിയും മുന്നോട്ടുവെച്ചു. എസ്. രാമചന്ദ്രൻപിള്ളയും എം.എ. ബേബിയും യോജിച്ചു. കെ.കെ. ശൈലജയുടെ കാര്യത്തിൽ ഇളവുനൽകാമെന്ന നിലപാടാണ് സീതാറാം യെച്ചൂരിക്കുണ്ടായത്. ഇളവ് വ്യക്തിഗതമാകുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന് കോടിയേരി പറഞ്ഞതോടെ പൊതുനിർദേശം അംഗീകരിക്കപ്പെട്ടു.
സ്ഥാനാർഥിനിർണയത്തിൽ പാർട്ടിയെടുത്ത തീരുമാനം ജനങ്ങൾ അംഗീകരിച്ചു. ആ മാറ്റം മന്ത്രിസഭയിലും ഉണ്ടാകണമെന്ന നിർദേശത്തോടെയാണ് പുതിയ മന്ത്രിമാരെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചത്. ഇത്. കെ.കെ. ശൈലജ ഉൾപ്പെടെയുള്ള എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇത് അംഗീകരിച്ചു. ഉച്ചയോടെ ചേർന്ന സംസ്ഥാന സമിതിയിലും ഈ പട്ടിക അവതരിപ്പിച്ചത് കോടിയേരിതന്നെയായിരുന്നു. പ്രവർത്തനമികവും വനിതാ നേതാവെന്ന പരിഗണനയും കെ.കെ. ശൈലജയ്ക്ക് നൽകണമെന്ന വാദം യോഗത്തിൽ ഉയർന്നു. എം.വി. ജയരാജൻ, പി. സതീദേവി, സൂസൻകോടി, സി.എസ്. സുജാത, പി. രാജേന്ദ്രൻ എന്നിവരെല്ലാം ശൈലജയ്ക്ക് ഇളവുനൽകാമെന്ന് നിർദേശിച്ചു.

കഴിഞ്ഞ സർക്കാരിൽ മന്ത്രിമാരായിരുന്നവരെല്ലാം മികച്ച പ്രവർത്തനം നടത്തിയവരും അംഗീകാരമുള്ള നേതാക്കളുമാണെന്നായുരുന്നു അതിന് കോടിയേരിയുടെ മറുപടി. അവരിൽ ഒരാൾക്ക് മാത്രമായി ഇളവുനൽകുന്നത് മറ്റുള്ളവരെ മോശമാക്കി അവതരിപ്പിക്കുന്നതാകും. പാർട്ടി മാനദണ്ഡം എല്ലാവർക്കും ബാധകമാണ്. അതിൽ വ്യക്തികളെ അടിസ്ഥാനമാക്കി ഇളവുനൽകുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.
എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയത് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിക്കാതെയാണ്. പിണറായി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങൾ യെച്ചൂരിയുടെ നിർദേശം തള്ളുകയായിരുന്നു. ഇതിനിടെ, ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രനേതൃത്വത്തിന് പരാതികൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. മന്ത്രിസഭ സംബന്ധിച്ചുള്ള ശുപാർശ തയ്യാറാക്കാനായി ആദ്യം കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങളുടെ യോഗം ചേർന്നു. ഈ ശുപാർശ യെച്ചൂരിക്കുമുമ്പാകെ അവതരിപ്പിച്ചു. പി.ബി.യംഗം പിണറായി ഉൾപ്പെടെ നാലുകേന്ദ്രകമ്മിറ്റിയംഗങ്ങളും മന്ത്രിസഭയിൽ ഉണ്ടാവണമെന്നായിരുന്നു യെച്ചൂരിയുടെ നിർദേശം. എന്നാൽ, കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങൾ അത് നിരസിച്ചു.
ഇങ്ങനെ, കേന്ദ്രകമ്മിറ്റിയംഗങ്ങളിൽ ശൈലജയെ മാറ്റിനിർത്തി, ‘മന്ത്രിസഭാംഗങ്ങളെല്ലാം പുതുമുഖങ്ങൾ’ എന്ന പിണറായിയുടെ വാദത്തിന് പി.ബി. അംഗങ്ങളുടെ യോഗത്തിലും പിന്നീട് സംസ്ഥാനസെക്രട്ടേറിയറ്റ്-സംസ്ഥാനകമ്മിറ്റി യോഗങ്ങളിലും മുൻതൂക്കം ലഭിച്ചു. ദേശീയ-അന്താരാഷ്ട്രതലത്തിൽത്തന്നെ ഇടതുസർക്കാരിന് പ്രതിച്ഛായ നേടിക്കൊടുത്ത ശൈലജയെ മാറ്റിനിർത്തിയതിൽ കടുത്ത നീരസത്തിലാണ് കേന്ദ്രനേതാക്കൾ. തീരുമാനം പൂർണമായും കേരളഘടകമാണെടുത്തതെന്നും ഇക്കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നുമാണ് നേതാക്കളുടെ വാദം. പശ്ചിമബംഗാളിൽ ഒറ്റസീറ്റും കിട്ടാതെ പാർട്ടി തകർന്നടിയുകയും കേരളത്തിൽ ചരിത്രപരമായി തുടർഭരണം നേടുകയും ചെയ്തതിനാൽ സി.പി.എം. കേന്ദ്രനേതൃത്വത്തിന്‍റെ സ്വരം ദുർബലമായെന്നും വാദമുണ്ട്.
പാർട്ടി ഉയർത്തിക്കാട്ടിയത് അവരുടെ പ്രഖ്യാപിത നയമാണ്. വ്യക്തിയല്ല, പാർട്ടിനയമാണ് പ്രധാനം എന്നതുതന്നെ. പല ഘട്ടങ്ങളിലായി ഇ.എം.എസ്. മുതൽ പിണറായി വിജയൻവരെ ആവർത്തിച്ച പ്രഖ്യാപനമാണത്. പ്രതിപക്ഷ നേതാവ് എന്നനിലയിൽ വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രവർത്തനം പിന്നീട് പാർട്ടിയിൽ വർഷങ്ങളോളം ഔദ്യോഗിക വിഭാഗവുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. വി.എസിന് സീറ്റ് നിഷേധിച്ച രണ്ട് ഘട്ടങ്ങളിലും ആ പ്രതിച്ഛായ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ പാർട്ടിക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അതിനുമുമ്പ് ബദൽ രേഖയുമായി എം.വി. രാഘവനും പിന്നീട് കെ.ആർ. ഗൗരിയമ്മയും ഉണ്ടാക്കിയ പ്രശ്നങ്ങൾ വേറെയും.
പൊതു ഇടങ്ങളിൽ പാർട്ടിയെക്കാൾ സ്വീകാര്യത കെ.കെ. ശൈലജ നേടിയെടുത്തു എന്നതാണ് കൊവിഡ് കാലത്തുണ്ടായ പ്രതീതി. അതിനാൽ പാർട്ടി നിശ്ചയിക്കുന്ന പേരുകൾക്ക് ഈ പ്രതിച്ഛായ ഒരു പ്രതിസന്ധിയായി രൂപംകൊള്ളുന്ന സ്ഥിതി ഒഴിവാക്കാനുള്ള മുൻകരുതൽ കൂടിയാണ് ഈ തീരുമാനം.
