
ഇന്ത്യയിൽ നിന്നുമുള്ള ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കോവിഡ് വൈറസിന്‍റെ കണികകൾ കണ്ടെത്തിയതിനെതുടർന്ന് ആറ് കമ്പനികളെ ചൈന ഒരാഴ്ചത്തേക്ക് വിലക്കി. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായി ചൈനീസ് കസ്റ്റംസ് അറിയിച്ചു. ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളിലും കോവിഡ് പരിശോധന നടത്താറുണ്ടായിരുന്നു.
അത്തരത്തിൽ പരിശോധനയ്ക്കിടെയാണ് കൊറോണ വൈറസിന്‍റെ സാനിധ്യം കണ്ടെത്തിയത്. ഇത്തരത്തിൽ കഴിഞ്ഞവർഷം മുതൽ നിരവധി കമ്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറിസന്‍റെ വ്യാപനം രാജ്യത്ത് വൻതോതിൽ നിയന്ത്രിച്ചിരുന്നു.

കോവിഡിനെ വരുതിയിലാക്കിയ ചൈന ഇപ്പോൾ വൈറസ് വീണ്ടും തങ്ങളുടെ രാജ്യത്തേക്ക് കടക്കാതിരിക്കാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കുന്നത്. അതേസമയം കോവിഡിന്‍റെ ഉത്ഭവം സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും വ്യാപകമായി തുടരുകയാണ്. വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതാവാൻ സാധ്യതയുണ്ടെന്ന് ചില ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നു.
