പാര്‍ലമെണ്ടും മതേതരത്വവും മരിച്ചു കൊണ്ടിരിക്കുന്നു; കര്‍ഷകര്‍ സമരക്കാരെ, ഭരണകൂടം ദേശദ്രോഹികളും ഖലിസ്ഥാന്‍ വാദികളുമായി ചിത്രീകരിച്ചു: ഡോ. പരകാല പ്രഭാകര്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing പാര്‍ലമെണ്ടും മതേതരത്വവും മരിച്ചു കൊണ്ടിരിക്കുന്നു; കര്‍ഷകര്‍ സമരക്കാരെ, ഭരണകൂടം ദേശദ്രോഹികളും ഖലിസ്ഥാന്‍ വാദികളുമായി ചിത്രീകരിച്ചു: ഡോ. പരകാല പ്രഭാകര്‍

കാഞ്ഞങ്ങാട് / കാസർകോട്: പാര്‍ലമെണ്ടും മതേതരത്വ സങ്കല്‍പ്പങ്ങളും മരിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് സെക്കുലര്‍ ഫോറത്തിൻ്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കുന്നു. ചര്‍ച്ചചെയ്യാതെ പിന്‍വലിക്കുന്നു. ഇതാണ് പാര്‍ലമെണ്ടിൻ്റെ ഇപ്പോഴത്തെ അവസ്ഥ- കര്‍ഷക ബില്‍ ഉദാഹരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്ലിനെ എതിര്‍ത്ത് കര്‍ഷകര്‍ സമരത്തിന് പുറപ്പെട്ടപ്പോള്‍ അവരെ ഭരണകൂടം ദേശദ്രോഹികളും ഖലിസ്ഥാന്‍ വാദികളുമായി ചിത്രീകരിച്ചു. എന്നാല്‍ പിന്നാലെ പഞ്ചാബ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒരു ചര്‍ച്ചയും കൂടാതെ ബില്ലുകള്‍ പിന്‍വലിക്കുകയായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ന്യൂനപക്ഷ വിഭാഗത്തിന് ഒരു മന്ത്രി ഇല്ല.

ഗുജറാത്ത്, ഉത്തരപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന മന്ത്രിസഭയിലും ന്യൂനപക്ഷ പ്രതിനിധി ഇല്ല. ന്യൂനപക്ഷ വിഭാഗങ്ങളെ തിരസ്‌കരിക്കുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നത്. ജയിക്കാന്‍ ന്യൂനപക്ഷങ്ങള്‍ വേണം. ജയിച്ചു കഴിഞ്ഞാല്‍ വേണ്ട എന്ന സ്ഥിതിയാണുള്ളത്, -അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തെ രാജ്യത്തെ മരണനിരക്ക്, തൊഴിലില്ലാത്ത യുവാക്കളുടെ വിശദ വിവരങ്ങള്‍ എന്നിവ ഇല്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ പ്രതിപക്ഷം തന്നെ അക്രമിക്കുന്നതിൻ്റെ കണക്ക് പ്രധാനമന്ത്രിയുടെ കയ്യില്‍ വ്യക്തമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രവര്‍ത്തനം നടത്തുന്ന പ്രതിപക്ഷത്തിൻ്റെ നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചു. കേരളവും ഇങ്ങനെ പോയാല്‍ സുരക്ഷിതമല്ലെന്ന് ഓര്‍ക്കണമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു.

ചടങ്ങിൻ്റെ ഉദ്ഘാടനവും പരകാല പ്രഭാകര്‍ രചിച്ച ദി ക്രൂക്കഡ് ടിമ്പര്‍ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയുടെ പ്രകാശനവും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ. ടി.കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, ഡോ. അജയകുമാര്‍ കോടോത്ത്, അഡ്വ. ടി.വി രാജേന്ദ്രന്‍, ഡോ. ഖാദര്‍ മാങ്ങാട്, എ.ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

0Shares