
ഹൈദരാബാദ്: പെണ്‍മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമിത വിശ്വാസികളായ കുടുംബം മക്കള്‍ പുനര്‍ജനിയ്ക്കുമെന്ന വിശ്വാസത്തിൽ പൂജ നടത്തി ബലി അർപ്പിക്കുന്നവിധം ക്രൂരമായി കൊലപടുത്തുകയായിരുന്നു എന്നാണ് വിവരം.
ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ നടത്തിയിരുന്നു. പൂജയ്ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ അലേഖ്യയെയും കൊലപ്പെടുത്തി.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നുവെന്ന് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചു. കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്.
