
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും. രതീഷിന്‍റെ ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണം.

അതേസമയം, മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥൻ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് നാളെ കൈമാറും. കേസിലെ നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, അനീഷ് എന്നിവർ നിലവിൽ കസ്റ്റഡിയിലാണ്.
മേൽനോട്ട ചുമതലയുള്ള ഐ.ജി യോഗേഷ് അഗർവാൾ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടേഷനിൽ കേരളത്തിന് പുറത്തായതിനാൽ ഐ.ജി സ്പർജൻ കുമാറായിരിക്കും താൽക്കാലികമായി അന്വേഷണം ഏകോപിക്കുക. ഇനിയും പിടിയിലാകാനുള്ള മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
