
കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി. 1529 അഭിഭാഷകരോടൊപ്പമായിരുന്നു പത്മലക്ഷ്മിയുടെ എൻറോൾ. 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. മുന്നോട്ടുള്ള യാത്രയിൽ നിയമത്തിൻ്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്‌മി പറഞ്ഞു. ചെറുപ്പം മുതലേ അഭിഭാഷകയാകണമെന്നായിരുന്നു ആഗ്രഹമെന്ന് പത്മലക്ഷ്മി പറഞ്ഞു. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് എൽ.എൽ.ബി എടുക്കുന്നത്.
എൽ.എൽ.ബി അവസാന വർഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിച്ചത്. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാൻ കുടുംബം പിന്തുണ നൽകിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടത് എന്ന് അച്ഛനും അമ്മയും പറഞ്ഞത് വലിയ ആശ്വാസമായെന്നും പത്മ പറഞ്ഞു. മുന്നോട്ടുളള യാത്രയിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകരുതെന്ന് തീരുമാനിച്ചിരുന്നു. നിയമപഠനം പൂർത്തിയാക്കിയാൽ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് അവർക്ക് പേടിയുണ്ടാകില്ലെന്ന് വിശ്വസിച്ചു. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ ഹോർമോൺ ചികിത്സ തുടങ്ങിയിരുന്നു.
ട്യൂഷനെടുത്തും, ഇൻഷുറൻസ് ഏജന്റായും, പി.എസ്.സി ബുളളറ്റിൻ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും പത്മലക്ഷ്മി പറഞ്ഞു. പ്രാക്ടീസിന് ശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷകൾ എഴുതാനാണ് തീരുമാനം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുളളവർക്ക് തൻ്റെ പക്കലുളള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്മി കൂട്ടിച്ചേർത്തു.

അതേസമയം പത്മലക്ഷ്മിയെ അഭിനന്ദിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രംഗത്തെത്തി. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി എന്റോൾ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്.
ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
