
ബി.ജെ.പിയിൽ അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്ത് എത്തിയ പത്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകര്‍.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, പി.കെ കൃഷ്ണദാസ്, ഷോൺ ജോർജ്, കരമന ജയൻ, വി.വി രാജേഷ്, അഡ്വ. എസ്.സുരേഷ് അടക്കമുള്ള നേതാക്കൾ വിമാന താവളത്തിൽ എത്തിയിരുന്നു.
ഷാൾ അണിയിച്ചും പുഷ്‌പ വൃഷ്ടിയും ജയ് വിളികളുമായാണ് ബി.ജെ.പി പ്രവർത്തകർ പത്മജയെ സ്വീകരിച്ചത്. ചെണ്ട മേളത്തിൻ്റെ അകമ്പടിയും ഉണ്ടായിരുന്നു. ബി.ജെ.പിയിൽ ചേർന്ന ശേഷം പത്മജ ആദ്യമായിട്ടാണ് നാട്ടിലെത്തിയത്. ഇതിനുശേഷം സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ എത്തിയ പത്മജ മാധ്യമങ്ങളെ കണ്ടു.

‘‘അച്ഛൻ്റെ പേരിൽ സ്‌മാരകം നിർമ്മിച്ചു തരാം എന്ന് പറഞ്ഞ് പറ്റിച്ചു. ഒരു കല്ല് പോലും വച്ചിട്ടില്ല. എന്നെ തൃശ്ശൂരിൽ നിന്ന് ഓടിക്കാൻ നാലഞ്ചുപേർ തീരുമാനിച്ചു. നേതൃത്വം ഇത് നിസ്സാരമായി കണ്ടു. അള മുട്ടിയാൽ ചേരയും കടിക്കും. രാഹുൽ മങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കും. അച്ഛനെതിരെ അല്ല അമ്മക്ക് എതിരെയാണ് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ കിടന്നതിൻ്റെ കാരണം എന്നെക്കൊണ്ട് പറയിപ്പിക്കരുത്’’-പത്മജ പറഞ്ഞു.
കെ.മുരളീധരൻ്റെ വിമർശനങ്ങളോടുള്ള പത്മജയുടെ പ്രതികരണം ഇങ്ങനെ- ‘‘ചേട്ടന് എന്നെക്കുറിച്ച് എന്തും പറയാനുള്ള അവകാശമുണ്ട്. ചേട്ടൻ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. പല പല പാർട്ടി മാറിവന്ന ആളല്ലേ രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും വേറെ കാണണം. എൻ്റെ രാഷ്ട്രീയം വേറെയാണ്. എന്നെ വെറുതെ വിട്ടേക്കണം. മൂന്നു .നാല് പാർട്ടി മാറി വന്നയാൾക്ക് എങ്ങനെ എന്നെ വിമർശിക്കാനാവും. എനിക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള സ്ഥലത്താണ് ഞാൻ എത്തിയിരിക്കുന്നത്’’-
തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ പറഞ്ഞു. വ്യാഴാഴ്‌ച വൈകിട്ട് ആറരയ്‌ക്ക് ഡൽഹിയിലെ ബിജെ.പി ആസ്ഥാനത്ത് വച്ചാണ് പത്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്.
