പ്രതിപക്ഷത്തിൻ്റേത് ഗുരുതര ചട്ടലംഘനം; മാധ്യമവിലക്കല്ല, പുതിയ പരിഷ്കാരങ്ങളുമില്ല, സഭാ ചട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്പീക്കർ

  • Post category:Kerala / news
  • Reading time:3 mins read
You are currently viewing പ്രതിപക്ഷത്തിൻ്റേത് ഗുരുതര ചട്ടലംഘനം; മാധ്യമവിലക്കല്ല, പുതിയ പരിഷ്കാരങ്ങളുമില്ല, സഭാ ചട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമവിലക്കെന്ന റിപ്പോര്‍ട്ടറുകള്‍ക്ക് പിന്നാലെ സഭാ ടി.വിയുടെ പ്രവര്‍ത്തനവും നിയമസഭയിലെ ചട്ടങ്ങളും വിവരിച്ച് സപീക്കര്‍ എം.പി രാജേഷ്. മാധ്യമങ്ങളെ നിയമസഭയിലേയ്ക്ക് കയറ്റി വിട്ടില്ലെന്നും പ്രതിപക്ഷം സഭയ്ക്കുള്ളിൽ നടത്തിയ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സഭ ടി.വി വഴി ലഭിച്ചില്ലെന്നും കാണിച്ച് വാര്‍ത്താ ചാനലുകള്‍ നൽകിയ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മാധ്യമങ്ങളുടെ വാദങ്ങൾ തള്ളി സ്പീക്കര്‍ രംഗത്തെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

സഭയിൽ മൊബൈൽ ഫോണുകളോ പ്ലക്കാര്‍ഡുകളോ കൊണ്ടുവരരുതെന്ന സഭാ ചട്ടങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചട്ടലംഘനങ്ങള്‍ക്ക് കൂട്ടുനിൽക്കാൻ സഭയ്ക്ക് കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയുടെ നടപടികള്‍ കാണിക്കാനുള്ളതാണ് സഭാ ടി.വി. പ്രതിഷേധങ്ങളിൽ ചട്ടലംഘനമുണ്ടെങ്കിൽ അത് കാണിക്കാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭയിൽ പാസ് ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇപ്പോഴും പ്രവേശനമുണ്ടെന്നും പാസ് പുതുക്കാൻ അപേക്ഷ നല്‍കിയ എല്ലാവരുടെയും അപേക്ഷകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ചില മാധ്യമ പ്രവ‍ര്‍ത്തകരെ പ്രതിപക്ഷ നേതാവിൻ്റെയും മന്ത്രിമാരുടെയും ഓഫീസുകളിലേയ്ക്ക് പോകുന്നതിനെ വാച്ച് ആൻ്റ് വാര‍്ഡ് വിലക്കി എന്ന് അന്വേഷണത്തിൽ മനസ്സിലായി. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചീഫ് മാര്‍ഷലിനെ വിളിച്ച് വിശദീകരണം തേടുകയും മാധ്യമങ്ങളെ തടയരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സ്പീക്കറുടെ പ്രസ് സെക്രട്ടറി തന്നെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മനസ്സിലായിട്ടും മാധ്യമവിലക്ക് ഉണ്ടെന്ന വാര്‍ത്തകള്‍ പിൻവലിക്കപ്പെട്ടില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

നിയമസഭയിൽ സുരക്ഷ കര്‍ശനമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നതായി സ്പീക്കര്‍ പറഞ്ഞു. “സുരക്ഷ കര്‍ശനമാക്കണം, ജീവനക്കാരുടേത് അടക്കം പാസ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പാസ് ഉള്ള ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും മന്ത്രിമാരുടെയോ സ്പീക്കറുടെയോ പ്രതിപക്ഷ നേതാവിൻ്റെയോ ഓഫീസിൽ പോകുന്നതിന് വിലക്കില്ല.” മാധ്യമങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടെന്നും എന്നാൽ ഇതിനെ മാധ്യമവിലക്കായി ചിത്രീകരിച്ചത് കടന്നുപോയെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

മാധ്യമവിലക്കായി ചിത്രീകരിച്ചത്

മാധ്യമങ്ങളെ നിയമസഭയിൽ പ്രവേശിപ്പിച്ചില്ലെന്നും പ്രതിപക്ഷ പ്രചാരണം കാണിച്ചില്ലെന്നുമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സ്പീക്കർ തള്ളി. പാസുള്ള എല്ലാ മാധ്യമ പ്രവർത്തകരെയും പ്രവേശിപ്പിച്ചു എന്നും അവർക്ക് നേരത്തെ പോകാൻ സ്വാതന്ത്യം ഉള്ളിടത്തെല്ലാം ഇപ്പോഴും പോകാമെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമങ്ങളുടെ ക്യാമറ ക്രൂവിന് മീഡിയ റൂമിൽ മാത്രമാണ് പ്രവേശനം.

അതേസമയം, മാധ്യമവിലക്ക് ഉണ്ടെന്നത് അബദ്ധത്തിൽ കൊടുത്ത വാർത്തയാണെന്ന് തോന്നുന്നില്ലെന്നും ഇക്കാര്യങ്ങളിൽ ഒരു പരിഷ്കാരവും വരുത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ രാജ്യസഭാ നോമിനേഷൻ അടക്കമുള്ള ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം മാധ്യമങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സഭ ടി.വി പൂർണമായും പ്രവർത്തന സജ്ജമായ ശേഷം സഭാ ടി.വി വഴി മാത്രമാണ് ദൃശ്യങ്ങൾ നൽകുന്നത്. എന്നാൽ ഇതുവരെയില്ലാത്ത തരത്തിൽ എല്ലായിടത്തും ക്യാമറയ്ക്ക് അനുമതി നൽകണമെന്ന ആവശ്യമാണ് മാധ്യമങ്ങളിലൂടെ കണ്ടതെന്ന് സ്പീക്കർ ആരോപിച്ചു. ലോക്സഭാ ടി.വിയും രാജ്യസഭാ ടി.വിയും പ്രവർത്തിക്കുന്ന അതേ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമസഭ ടി.വിയും പ്രവർത്തിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

നിലവിൽ പാസുള്ള എല്ലാ മാധ്യമ പ്രവർത്തകർക്കും പാസ് പുതുക്കി നൽകിയിട്ടുണ്ടെന്നും ഒരു അപേക്ഷയും നിരസിച്ചിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഇക്കാര്യങ്ങളിലൊന്നും പുതുമയില്ലെന്നും എന്നാൽ തെറ്റായ വാർത്തകൾ കൊടുത്തത് കൊണ്ടാണ് വിശദീകരിക്കേണ്ടി വന്നതെന്നും സ്പീക്കർ വ്യക്തമാക്കി.

മുമ്പ് മുഖപരിചയം വെച്ച് മാധ്യമ പ്രവർത്തകരെ സഭയിലേയ്ക്ക് കടത്തി വിട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് ചില അപകടങ്ങളൊക്കെ ഉണ്ടാകുന്നത്. പാസ് എല്ലാവരോടും കർശനമായി ചോദിച്ചിട്ടുണ്ടാകാം. പാസ് ചോദിക്കാനേ പാടില്ലെന്ന ശാഠ്യം പാടില്ലെന്നും സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം സഭ ടി.വി കാണിക്കാത്തതിന് സ്പീക്കർ വിശദീകരണം നൽകി. “സഭയിൽ ഇന്ന് വലിയ പ്രതിഷേധം ഉണ്ടായി, ഇരുഭാഗത്തും. ഇതു രണ്ടും കാണിച്ചില്ല. ഒരു പ്രതിഷേധവും സഭ ടി.വി കാണിച്ചില്ല. സഭാ ടി.വിയുടെ ചുമതല സഭാ നടപടികള്‍ കാണിക്കുക എന്നതാണ്. ഇന്ത്യയിൽ പാര്‍ലമെന്‍റിന് പുറത്ത് സഭ ടി.വിയുള്ളത് കേരളത്തിൽ മാത്രമാണ്. അവിടെ പിന്തുടരുന്ന അതേരീതി തന്നെയാണ് സഭാ ടി.വിയും പിന്തുടരുന്നത്. ഏതു ഭാഗത്തിൻ്റെ പ്രതിഷേധം എന്ന്‌ നോക്കിയിട്ടല്ല, സഭാനടപടികൾ കാണിക്കാനുള്ളതാണ് സഭ ടി.വി.” സ്പീക്കർ വിശദീകരിച്ചു.

സഭാധ്യക്ഷനെ ദൃശ്യങ്ങളിൽ കാണിക്കും, ആര്‍ക്കാണോ മൈക്ക്, സംസാരിക്കുന്ന ആളെ കാണിക്കും. ഇന്നലെ ചോദ്യോത്തര വേളയിൽ ആദ്യ ചോദ്യം എം.മുകേഷ് എം.എൽ.എയുടേതായിരുന്നു. അതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് മറുപടി നല്‍കിയത്. ഇരുവരും സംസാരിക്കുന്ന സമയത്ത് ഇവരെയും കൂടാതെ സ്പീക്കറെയും മാത്രമാണ് കാണിച്ചത്. പ്രതിപക്ഷ നേതാവ് എപ്പോൾ ചോദിച്ചാലും മൈക്ക് കൊടുക്കണം. അതാണ് കീഴ്വഴക്കം. ഇത് മാനുവലായി കാണിക്കുന്നതല്ല. ആരാണോ സംസാരിക്കുന്നത്, ആരുടെ കൈയ്യിലാണോ മൈക്ക്, അവരുടെ നേരേ ക്യാമറ തിരിയും. അങ്ങനെയാണ് അത് പ്രോഗ്രാം ചെയ്തിട്ടുള്ളതെന്നും സ്പീക്കർ വിശദീകരിച്ചു.

സാധാരണയായി പ്രതിഷേധങ്ങള്‍ സംപ്രേഷണം ചെയ്യാറില്ലെന്നും അത് ചിത്രീകരിക്കുന്നത് ഗേറ്റിന് പുറത്താണെന്നും സ്പീക്കർ ഓർമിപ്പിച്ചു. സഭ ബഹിഷ്കരിച്ച് പുറത്തേയ്ക്ക് ഇറങ്ങി വരുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഒരാള്‍ സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തിൽ ഒരാള്‍ ബഹളമുണ്ടാക്കിയാൽ അതു ഫ്രേമിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങള്‍ കാണിക്കണമെന്ന്. ആഗ്രഹമുണ്ടെങ്കിൽ സ്പീക്കര്‍ക്ക് അത് ചെയ്യാനാകില്ല. സഭാ ചട്ടങ്ങള്‍ അത് അനുവദിക്കുന്നില്ല. സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.

നടന്നത് സഭാ ചട്ടങ്ങളുടെ ലംഘനം

പെരുമാറ്റച്ചട്ടം 10 അനുസരിച്ച് സഭയിൽ യാതൊരു തരത്തിലുമുള്ള ബാഡ്ജുകള്‍ ധരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. പ്ലക്കാര്‍ഡുകള്‍, ബാനറുകള്‍ ബാഡ്ജുകള്‍ എന്നിങ്ങനെയുള്ള ഒരു പ്രദര്‍ശനങ്ങളും പാടില്ല. സഭയിൽ അനുവദിക്കാത്തത് കാണിക്കണമെന്ന് വാശി പിടിച്ചാൽ നിര്‍വാഹമില്ല.ചട്ടലംഘനത്തിന് സഭാധ്യക്ഷന് കൂട്ടുനിൽക്കാൻ പറ്റില്ലെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സഭ ഓര്‍ഡറിലല്ല. ഓര്‍ഡറിലുള്ളത് മാത്രമേ സഭ ടി.വിയിൽ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.

ചട്ടം 18 പ്രകാരം സഭയിൽ കാസറ്റോ ടേപ്പ് റെക്കോര്‍ഡറോ കൊണ്ടുവരാൻ പാടില്ല. ചട്ടം 22 അനുസരിച്ച് സെല്ലുലാര്‍ ഫോണുകളോ പേജറുകളോ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. എന്നാൽ സഭയിൽ മൊബൈൽ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ചില അംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. കേട്ടുകേള്‍വിയില്ലാത്തതും അതീവ ഗൗരവമുള്ളതുമാണ് ഇത്. അത് സഭയുടെ പ്രവിലേജിൻ്റെ പ്രശ്നമാണെന്നും സ്പീക്കർ പറഞ്ഞു.

0Shares